ചിലരുണ്ട്, ഉയര്‍ന്ന് പറക്കാന്‍ കരുത്തേകുന്നവര്‍. അനേകര്‍ക്ക് സ്വജീവിതം കൊണ്ട് പ്രചോദനം നല്‍കുന്ന ഇവര്‍ പകരുന്ന വെളിച്ചം ചെറുതല്ല. കൂലി കോഹ്ലി എന്ന പെണ്‍കരുത്തിന്റെ ജീവിതവും ഇത്തരത്തില്‍ അനേകര്‍ക്ക് പ്രചോദനം പകരുന്ന ഒന്നാണ്. ജീവിത വെല്ലുവിളികളെ എഴുതിത്തോല്‍പിച്ച മിടുക്കിയാണ് കുലി.
ഉത്തര്‍പ്രദേശിലെ ഒരു വിദൂര ഗ്രാമത്തില്‍ 1970-ലായിരുന്നു കുലിയുടെ ജനനം. അമ്മയ്ക്ക് പതിനഞ്ച് വയസ്സുണ്ടായിരുന്നപ്പോഴാണ് കുലിയെ പ്രസവിക്കുന്നവത്. ജനിച്ച് കുറച്ച് സമയത്തിനുള്ളില്‍ തന്നെ അവള്‍ ഒരു സാധാരണ പെണ്‍കുട്ടിയല്ല എന്ന് എല്ലാവര്‍ക്കും ബോധ്യമായി. അതൊരു സാധാരണ ഗ്രാമമായതു കൊണ്ടുതന്നെ കുലിയുടെ രോഗാവസ്ഥയെക്കുറിച്ച് കൂടുതലൊന്നും ആര്‍ക്കും അറിയില്ല. എങ്കിലും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമെല്ലാം ഒന്നു മാത്രമേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ. കുലിയെ എവിടെയെങ്കിലും കൊണ്ടുപോയി കളയുക....
കുലിയുടെ അച്ഛന്‍ മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളേയും ഉപദേശങ്ങളേയുമെല്ലാം പാടേ അവഗണിച്ചു. അയാള്‍ ആ മകളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി എന്നു വേണം പറയാന്‍. നാളുകള്‍ക്ക് ശേഷം കുലിയയുടെ മാതാപിതാക്കള്‍ യുകെയിലേക്ക് ചേക്കേറി. അന്നവള്‍ക്ക് രണ്ടര വയസ്സായിരുന്നു പ്രായം.
യുകെയിലെ വോള്‍വര്‍ഹാംപ്ടണ്‍ എന്ന ദേശത്തായിരുന്നു കുലി മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്നത്. എന്നാല്‍ ആ ദേശത്തുണ്ടായിരുന്ന പലരും അവളുടെ രോഗാവസ്ഥ കണ്ട്, അത് പകരുമോ എന്ന് ഭയന്ന് അവളില്‍ നിന്നും അകന്നു നില്‍ക്കാന്‍ തുടങ്ങി. ശാപം കാരണമാണ് കുലി സെറിബ്രല്‍ പള്‍സി രോഗാവസ്തയില്‍ പിറന്നത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം ഒരു സ്‌പെഷ്യല്‍ സ്‌കൂളിലായിരുന്നു കുലിയുടെ വിദ്യാഭ്യാസം. എന്നാല്‍ വളരുന്നതിന് അനുസരിച്ച് അവള്‍ കേള്‍ക്കേണ്ടി വന്ന കളിയാക്കലുകളും വര്‍ധിച്ചു. പലരും അവളെ വാക്കുകള്‍ക്കൊണ്ട് മുറിപ്പെടുത്തി. ഹൃദയം ഒരുപാട് വേദനിച്ചപ്പോള്‍ അവള്‍ മറ്റുള്ളവരോട് സംസാരിക്കാന്‍ പോലും മടിച്ചു.
അങ്ങനെ കുലി അവള്‍ക്ക് പറയാനുള്ളത് എഴുതിത്തുടങ്ങി. മെല്ലെ തന്റെ മനസ്സിലുള്ളതും അവള്‍ കുറിച്ചു. അങ്ങനെയിരിക്കെ പതിമൂന്നാമത്തെ വയസ്സില്‍ മികച്ചൊരു സ്‌കൂളിലേക്ക് മാറി കുലി. മനസ്സറിയുന്ന സുഹൃത്തുക്കളും അവിടെ അവള്‍ക്ക് ബലം പകര്‍ന്നു. എഴുത്തും തുടര്‍ന്നു കുലി. ഓരോ തവണ എഴുതുമ്പോഴും അവള്‍ തന്റെ മനസ്സിന്റെ കരുത്ത് തിരിച്ചറിയുകയായിരുന്നു.
കുലിയുടെ അവസ്ഥകള്‍ മനസ്സിലാക്കിയാണ് ഭര്‍ത്താവും അവളുടെ ജീവിതത്തിന്റെ ഭാഗമായത്. വീട്ടിലെ ജോലികളും കുട്ടികളെ നോക്കലുമൊക്കെ തുടരുമ്പോഴും എഴുത്തിനെ കൈവിട്ടില്ല കുലി. അങ്ങനെയിരിക്കെ ഒരു ദിവസം സിറ്റി കൗണ്‍സിലില്‍ വെച്ച് വോള്‍വര്‍ഹാംപ്ടണ്‍ ലൈബ്രറിയില്‍ ലിറ്ററേച്ചര്‍ ഡെവല്പ്‌മെന്റ് ഓഫീസറായ സൈമണ്‍ ഫ്രച്ചറെ അവള്‍ കണ്ടു. തന്റെ എഴുത്തുകളെക്കുറിച്ച് അവള്‍ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അവള്‍ ആ എഴുത്തുകള്‍ അദ്ദേഹത്തിന് വായിക്കാനും നല്‍കി. പച്ചയായ ജീവിതയാഥാര്‍ത്യങ്ങള്‍ പ്രതിഫലിക്കുന്ന കുലിയുടെ എഴുത്തുകള്‍ അദ്ദേഹത്തെ ഏറെ സ്പര്‍ശിച്ചു. ജീവനുള്ള എഴുത്തുകള്‍ എന്നാണ് അദ്ദേഹം അവയെ വിശേഷിപ്പിച്ചത്. അങ്ങനെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രസ്സില്‍ കുലി തന്റെ പുസ്തകങ്ങള്‍ പബ്ലിഷ് ചെയ്തു തുടങ്ങി. മാനസികമായും ശാരീരികമായും അസ്വസ്ഥതകള്‍ അനുഭവിക്കുന്ന പെണ്‍ജീവിതങ്ങള്‍ക്ക് കരുത്ത് പകരുന്നു കുലിയുടെ എഴുത്തുകള്‍....
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.