'സ്‌കൂളുകളിലും മാളുകളിലും മറ്റ് സ്ഥാപനങ്ങളിലും ആഘോഷങ്ങള്‍ പാടില്ല': ക്രിസ്മസിനെതിരെ വര്‍ഗീയ വിഷം ചീറ്റി വീണ്ടും വിഎച്ച്പി

'സ്‌കൂളുകളിലും മാളുകളിലും മറ്റ് സ്ഥാപനങ്ങളിലും ആഘോഷങ്ങള്‍ പാടില്ല': ക്രിസ്മസിനെതിരെ വര്‍ഗീയ വിഷം ചീറ്റി വീണ്ടും വിഎച്ച്പി

വിഎച്ച്പി നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് നിയയമ വിദഗ്ധര്‍.

ന്യൂഡല്‍ഹി: ലോകമെമ്പാടും ആഘോഷിക്കുന്ന, രക്ഷകന്റെ പിറവിത്തിരുനാളായ ക്രിസ്മസിനെതിരെ ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) വീണ്ടും രംഗത്തെത്തി.

ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്നാണ് നിര്‍ദേശം. മുന്‍ വര്‍ഷങ്ങളിലും വിഎച്ച്പി ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. സാംസ്‌കാരിക ജാഗ്രതയുടെ ഭാഗമായാണ് ഇത്തരമൊരു ആഹ്വാനമെന്നാണ് സംഘടന വ്യക്തമാക്കുന്നത്.

വ്യക്തികള്‍ക്ക് പുറമേ സ്‌കൂളുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയവയ്ക്കും വിഎച്ച്പി ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകളില്‍ 'മെറി ക്രിസ്മസ്' ബോര്‍ഡുകള്‍ സ്ഥാപിക്കരുത്.

ലാഭത്തിന് വേണ്ടി ഇത്തരം ആഘോഷങ്ങള്‍ ഏറ്റെടുക്കുന്നത് സാംസ്‌കാരികമായ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്നും ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നുമാണ് സംഘടനയുടെ നിര്‍ദേശം.

സ്‌കൂളുകളില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ പാടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് കത്തയയ്ക്കുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം പാലക്കാട് നല്ലേപ്പിള്ളി യു.പി സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും സംയുക്തമായി സൗഹൃദ കാരോള്‍ സംഘടിപ്പിച്ചു. സ്‌കുളിനും അധ്യാപകര്‍ക്കും പിന്തുണയറിയിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.

വിഎച്ച്പിയുടെ ഇത്തരം നിലപാടുകള്‍ രാജ്യത്തിന്റെ ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നിയയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ വിഭാവനം ചെയ്യുന്ന സാഹോദര്യത്തിനും മത സ്വാതന്ത്ര്യത്തിനും എതിരാണെന്നും സാംസ്‌കാരികമായ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നത് സമൂഹത്തില്‍ വിഭജനമുണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.