സാമ്പത്തിക പ്രതിസന്ധി: ഇറാനില്‍ പ്രതിഷേധവുമായി ജനം തെരുവില്‍; മുല്ലമാര്‍ രാജ്യം വിട്ടു പോകണമെന്ന് മുദ്രാവാക്യം

സാമ്പത്തിക പ്രതിസന്ധി: ഇറാനില്‍ പ്രതിഷേധവുമായി ജനം തെരുവില്‍; മുല്ലമാര്‍ രാജ്യം വിട്ടു പോകണമെന്ന് മുദ്രാവാക്യം

സംഘര്‍ഷത്തില്‍ ഏഴ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

ടെഹ്റാന്‍: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇറാനില്‍ തെരുവിലിറങ്ങിയ ജനങ്ങള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഏഴ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 28 ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഇന്നലെ ആളിക്കത്തി. തെക്കന്‍ നഗരമായ ഫസായില്‍ പ്രവിശ്യാ ഗവര്‍ണറുടെ ഓഫീസ് ആക്രമിക്കപ്പെട്ടു.

ഇറാന്‍ റിയാലിന്റെ മൂല്യം തകര്‍ന്നടിയുകയും ജീവിത ചെലവേറുകയും ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. ക്രമസമാധാനം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി അമ്പതോളം പേരെ സുരക്ഷാന സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.

ടെഹ്‌റാനില്‍ വ്യാപാരി, വ്യവസായി സംഘടനകളുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ യൂണിവേഴ്‌സിറ്റികളിലേക്ക് ആളിപ്പടരുകയായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിക്കെതിരെ അടക്കം മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.

'മുല്ലമാര്‍ ഇറാന്‍ വിട്ട് പോകണം, മുല്ലമാര്‍ മണ്‍മറഞ്ഞുപോകാതെ ഇറാന്‍ സ്വതന്ത്രമാകില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജനങ്ങള്‍ തെരുവില്‍ സമരം ചെയ്യുന്നത്. പണമില്ലാതെ നട്ടം തിരിയുകയാണെന്നും ജീവിക്കാനാകുന്നില്ലെന്നുമാണ് സമരക്കാര്‍ പറയുന്നത്. അരക്, ഇസ്ഫഹാന്‍, മഷാദ്, ഷിറാസ് തുടങ്ങിയ നഗരങ്ങളിലേക്ക് പ്രതിഷേധങ്ങള്‍ വ്യാപിച്ചിരിക്കുകയാണ്.

അതേസമയം ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍ എക്സിലൂടെ അറിയിച്ചു. ഹിജാബ് നിയമം ലംഘിച്ചതിന് മഹ്സ അമിനി എന്ന യുവതി അറസ്റ്റിലായതിന് പിന്നാലെ നടന്ന സമരത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.