വാഷിങ്ടൺ : ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാർത്ഥനകൾ വിഫലമാക്കി പ്രശസ്ത കത്തോലിക്കാ പ്രഭാഷകനും ഇൻഫ്ലുവൻസറുമായ പോൾ കിമ്മിന്റെ അഞ്ചു വയസ്സുകാരനായ മകൻ മൈക്ക ജോസഫ് കിം നിത്യതയിലേക്ക് യാത്രയായി. ഒന്നര ആഴ്ചയോളമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന മൈക്ക ബുധനാഴ്ച (ഡിസംബർ 31) വൈകുന്നേരത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ക്രിസ്മസിന് തൊട്ടുമുൻപ് ഡിസംബർ 22 നാണ് മൈക്കയെ അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പനി ബാധിച്ചതിനെത്തുടർന്ന് ശരീരത്തിനുള്ളിൽ ആന്തരിക രക്തസ്രാവവും മറ്റ് സങ്കീർണതകളും ഉണ്ടാവുകയായിരുന്നു. ഡിസംബർ 24 ന് നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലാവുകയും ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി കാണിക്കുകയും ചെയ്തത് വലിയ പ്രതീക്ഷകൾ നൽകിയിരുന്നു.
മൈക്കയുടെ ജീവൻ രക്ഷിക്കാനായി പോൾ കിമ്മിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ദശലക്ഷക്കണക്കിന് ആളുകളാണ് പ്രാർത്ഥനയിൽ പങ്കുചേർന്നത്. വെനറബിൾ ഫുൾട്ടൺ ഷീനിന്റെ മാധ്യസ്ഥ്യം തേടി ഒരു അത്ഭുതത്തിനായി കുടുംബം യാചിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ എം.ആർ.ഐ പരിശോധനയിൽ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ചതായി കണ്ടെത്തി. ഇതോടെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ വൈദ്യശാസ്ത്രപരമായി സാധ്യതയില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
"മൈക്ക ജോസഫ് ദൈവത്തിന്റെ അനന്തമായ സ്നേഹത്തിലും സമാധാനത്തിലും പുതുവർഷം ആരംഭിച്ചിരിക്കുകയാണ്" എന്ന് പോൾ കിം ഹൃദയഭേദകമായ ഒരു കുറിപ്പിലൂടെ ലോകത്തെ അറിയിച്ചു. സങ്കടത്തിനിടയിലും ദൈവത്തിലുള്ള വിശ്വാസം കൈവിടാതെ തന്റെ മകന്റെ വിയോഗം അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കാൻ കാരണമാകുമെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ് മക്കളുടെ പിതാവായ പോൾ കിം കത്തോലിക്കാ കോൺഫറൻസുകളിലെ തന്റെ ശ്രദ്ധേയമായ പ്രസംഗങ്ങളിലൂടെയാണ് ലോകമെമ്പാടും പ്രശസ്തനായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.