"അപ്പക്കഷണങ്ങൾക്കായി വോട്ട് വിൽക്കരുത്"; വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് നൈജീരിയക്കാർക്ക് മുന്നറിയിപ്പ്


അബുജ: നൈജീരിയ നേരിടുന്ന കടുത്ത സുരക്ഷാ പ്രതിസന്ധികൾക്കിടയിൽ ജനങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി കത്തോലിക്കാ സഭാ പ്രതിനിധി. രാഷ്ട്രീയക്കാർ നൽകുന്ന നിസാരമായ ഓഫറുകൾക്കും അപ്പക്കഷണങ്ങൾക്കും വേണ്ടി രാജ്യത്തിന്റെ ഭാവി പണയപ്പെടുത്തുന്നത് ജനങ്ങൾ അവസാനിപ്പിക്കണമെന്ന് നൈജീരിയൻ കത്തോലിക്കാ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ ഫാ. സക്കറിയ നൈംജിയാൻ ആവശ്യപ്പെട്ടു.

കൊള്ളയടിക്കലും തട്ടിക്കൊണ്ടുപോകലും നിത്യസംഭവമായി മാറിയ നൈജീരിയയിലെ സുരക്ഷാ വീഴ്ചകളെ അദേഹം രൂക്ഷമായി വിമർശിച്ചു. "സ്വന്തം വീടിനുള്ളിൽ പോലും ജനങ്ങൾ സുരക്ഷിതരല്ലെന്നും കൃഷിയിടങ്ങളിലേക്ക് പോകാൻ കർഷകർ ഭയപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി. ഈ ഭീതിജനകമായ അവസ്ഥ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും ഭക്ഷ്യസുരക്ഷയെയും തകർക്കുകയാണ്." ഫാ. സക്കറിയ പറഞ്ഞു.

"തിരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയക്കാർ നൽകുന്ന പണത്തിനോ വാഗ്ദാനങ്ങൾക്കോ വോട്ട് വിൽക്കുന്ന രീതി മാറണം. നമ്മുടെ ഭാവി നമുക്ക് വിലപ്പെട്ടതാണ്. താൽക്കാലിക ലാഭത്തിന് വേണ്ടി വരുംതലമുറയുടെ സുരക്ഷയും സമാധാനവും വിൽക്കരുത്. ഉത്തരവാദിത്തമുള്ള നേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. "ഫാ നൈംജിയാൻ കൂട്ടിച്ചേർത്തു

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഭരണകൂടം പരാജയപ്പെടുകയാണെന്ന് അദേഹം കുറ്റപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൃത്യമായ പിന്തുണ നൽകാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സർക്കാർ അടിയന്തരമായി ഇടപെടണം. പ്രസംഗങ്ങളിലല്ല, പ്രവൃത്തിയിലാണ് മാറ്റം വരേണ്ടതെന്നും സഭാ പ്രതിനിധി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.