കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയറെ തീരുമാനിക്കുന്നതില്‍ ഒരു സഭാ നേതൃത്വവും ഇടപെട്ടിട്ടില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഒരു സഭയും സഭാ നേതൃത്വവും എന്നോടോ നേതൃത്വത്തോടോ ഇന്നയാളെ മേയറാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
അത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ദയവായി അത് അവസാനിപ്പിക്കണം. കാര്യങ്ങള്‍ തീരുമാനിക്കുന്നത് യുഡിഎഫും കോണ്‍ഗ്രസുമാണ്. അത് പാര്‍ട്ടിയുടെ തീരുമാനമാണ്. ഇതിലേക്ക് മറ്റുള്ളവരെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ല.
സോഷ്യല്‍ മീഡിയ പെയ്ഡ് ന്യൂസിന് മറുപടിയില്ല. സോഷ്യല്‍ മീഡിയയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ ഒരു പാര്‍ട്ടിക്ക് തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാനാകുമെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.
മേയറെ തിരഞ്ഞെടുത്തത് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. കെപിസിസിയുടെ മാര്‍ഗ നിര്‍ദേശവും മാനദണ്ഡവും അനുസരിച്ച് മാത്രമാണ് തീരുമാനമെടുത്തത്. അതു പ്രഖ്യാപിക്കുക എന്ന ജോലി മാത്രമാണ് ഡിസിസി പ്രസിഡന്റിനുള്ളത്.
എല്ലാ നേതാക്കന്മാരും കൂട്ടായി എടുത്ത തീരുമാനമാണത്. തിരഞ്ഞെടുപ്പിലുണ്ടായ ഏറ്റവും നല്ല വിജയത്തിന്റെ ശോഭ കെടുത്തരുതെന്നാണ് പറയാനുള്ളതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് എറണാകുളത്ത് ഉണ്ടായത്. അതിനായി കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കഠിന പ്രയത്നം നടത്തിയ സാധാരണ പ്രവര്‍ത്തകരെ വേദനിപ്പിക്കരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടി യോഗങ്ങളില്‍ പറയുകയാണ് വേണ്ടത്. അത് എല്ലാവരും പാലിക്കണമെന്നാണ് ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ പറയാനുള്ളതെന്നും ഷിയാസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.