ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ അക്രമം: അമിത് ഷായെ ആശങ്ക അറിയിച്ച് സിബിസിഐ

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ അക്രമം: അമിത് ഷായെ ആശങ്ക അറിയിച്ച് സിബിസിഐ

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയുണ്ടായ അക്രമത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായെ ആശങ്ക അറിയിച്ചെന്ന് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗസ്.

ഇന്നലെ ഡല്‍ഹിയില്‍ ക്രിസ്മസ് വിരുന്ന് നടത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെയും സിബിസിഐ ആശങ്ക അറിയിച്ചു. കേന്ദ്രമന്ത്രി നടപടി ഉറപ്പ് നല്‍കിയെന്ന് സിബിസിഐ വക്താവ് പറഞ്ഞു. എല്ലാ ക്രിസ്മസ് സീസണിലും ഇത് ആവര്‍ത്തിക്കുകയാണെന്നും ദേശവിരുദ്ധരാണ് ഇതിന് പിന്നിലെന്നും ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു.

മധ്യപ്രദേശില്‍ കാഴ്ച പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് ആക്രമിച്ച ദൃശ്യങ്ങള്‍ വ്യാപകമായി ചര്‍ച്ചയായിട്ടും ഇതുവരെ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടില്ല. ആക്രമണത്തിന് നേതൃത്വം നല്‍കിയ ജില്ലാ ഉപാധ്യക്ഷ അഞ്ചു ഭാര്‍ഗവയെ പുറത്താക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടിട്ടും ബിജെപി പ്രതികരിച്ചിട്ടില്ല. ഡല്‍ഹിയില്‍ കരോള്‍ സംഘത്തെ ആക്രമിച്ചതില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ ഉത്തരേന്ത്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്ക ബാവ ശക്തമായി അപലപിച്ചു. ഒരു വശത്ത് കേക്കുമായി വരുമ്പോള്‍ മറുവശത്ത് അക്രമ സംഭവങ്ങളുണ്ടാകുന്നു. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കേണ്ടത് അധികാരത്തില്‍ ഇരിക്കുന്നവെന്നവരാണെന്നും കാതോലിക്ക ബാവ പറഞ്ഞു.

ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയും അക്രമങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. ആക്രമണത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ നിലപാട് ഉള്ളവരാണെന്ന് അദേഹം പറഞ്ഞു.

ഇന്ത്യ മതബഹുലതയുള്ള നാടാണ്. ഒരിക്കലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരാന്‍ അനുവദിക്കരുത്. എല്ലാവര്‍ക്കും അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിര്‍ബന്ധിതമാകരുത് എന്നേയുള്ളൂ. അക്രമത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കുമെന്ന് കരുതുന്നുവെന്നും അദേഹം പറഞ്ഞു.

ഉത്തരേന്ത്യയിലും പാലക്കാട്ടും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുണ്ടായി അക്രമത്തിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. മതപരിവര്‍ത്തനം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളും മധ്യ പ്രദേശിലെ ജബല്‍ പൂരിലടക്കം സംഘര്‍ഷമുണ്ടാക്കിയത്.

ഡല്‍ഹിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. പാലക്കാട്ട് കരോള്‍ സംഘത്തെ അക്രമിക്കാന്‍ ശ്രമിച്ചു.

കേക്കുമായി വീടുകളില്‍ എത്തുന്ന ചിലര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. സംഘപരിവാറിന്റെ ജനാധിപത്യ വിരുദ്ധ ചെയ്തികളെ പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ക്രൈസ്തവ ദേവാലയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രാര്‍ഥിച്ചിട്ട് മാത്രം കാര്യമില്ലെന്നും അക്രമം നിര്‍ത്താന്‍ അനുയായികളോട് പറയണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.