ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയിലെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന്‍ സന്ദര്‍ശിച്ചു. രാവിലെ നടന്ന കുര്‍ബാന അടക്കമുള്ള പ്രാര്‍ഥനാ ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന്‍.
ഡല്‍ഹി ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് പ്രധാനമന്ത്രിയ്ക്ക് വേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയ്‌ക്കൊപ്പം പ്രത്യേക കരോളും ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നു.
'സമാധാനത്തിന്റെയും അനുകമ്പയുടെയും പ്രത്യാശയുടെയും ആഘോഷമായ ക്രിസ്മസ് എല്ലാവര്‍ക്കും സന്തോഷം നല്‍കട്ടെ. യേശുക്രിസ്തുവിന്റെ വചനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഐക്യം വര്‍ധിപ്പിക്കട്ടെ' എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ഇതിനിടെ പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തുന്നതിന് മുമ്പായി കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന് മുന്നില്‍ ചില വിശ്വാസികള്‍ പ്രതിഷേധിച്ചു. വിഐപി സന്ദര്‍ശനത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കുള്ള ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പള്ളിക്ക് മുന്നില്‍ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ മുതല്‍ വിശ്വാസികളെ പള്ളിയിലേക്ക് കയറ്റുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.