തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളെ തടയിടാനായി കേരളത്തിലെ പൗരന്മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നു. നിലവില്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായാണ് നേറ്റിവിറ്റി കാര്‍ഡ് പുറത്തിറക്കുന്നത്.
കാര്‍ഡിന് നിയമപ്രാബല്യം നല്‍കുമെന്നും ഇതിനായി കരട് തയാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോട്ടോ പതിച്ച കാര്‍ഡ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയില്‍ രേഖയായും ഉപയോഗിക്കാം. കാര്‍ഡിന്റെ വിതരണ ചുമതല തഹസില്‍ദാര്‍മാര്‍ക്കായിരിക്കും.
ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരാള്‍, താന്‍ ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ സ്ഥിര താമസക്കാരനാണെന്നോ ആരൂടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ എന്ന നിലയിലാണ് നേറ്റിവിറ്റി കാര്‍ഡ് കേരളത്തില്‍ ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവില്‍ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നു.
ഈ വിഷയം പരാതിയായി സര്‍ക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ഥനയും ഇക്കാര്യത്തില്‍ വന്നിട്ടുണ്ട്. കാര്‍ഡ് വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.