ഉന്നാവോ പെണ്‍കുട്ടിക്കും അമ്മയ്ക്കും നേരെ കൈയ്യേറ്റം: കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഉന്നാവോ പെണ്‍കുട്ടിക്കും അമ്മയ്ക്കും നേരെ കൈയ്യേറ്റം: കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉന്നാവോ അതിജീവിതയ്ക്കും പ്രായമായ മാതാവിനും നേരെ ഉണ്ടായ അതിക്രമത്തില്‍ കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ക്രൂര ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് ഇത്തരത്തില്‍ പെരുമാറുന്നത് ന്യായമാണോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. എക്‌സിലെ കുറിപ്പിലൂടെയാണ് അദേഹത്തിന്റെ പ്രതികരണം.

നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയതാണോ അവള്‍ ചെയ്ത തെറ്റ്? ഇരയായ പെണ്‍കുട്ടി ഭയത്തോടെ ജീവിക്കുകയും നിരന്തരം അതിക്രമത്തിനിരയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുറ്റക്കാരനായ മുന്‍ ബിജെപി എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചത് തീര്‍ത്തും നിരാശാജനകവും ലജ്ജാകരവുമാണ്. പീഡകന് ജാമ്യവും ഇരയെ കുറ്റവാളിയെ പോലെ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഏത് തരത്തിലുള്ള നീതിയാണ്?

നമ്മുടേത് ചത്ത സമ്പദ് വ്യവസ്ഥയാണ്. മാത്രമല്ല ഇത്തരം മനുഷ്യത്വ രഹിതമായ സംഭവങ്ങളില്‍ കൂടി ചത്ത സമൂഹമായി മാറുകയാണ് നാം. ഒരു ജനാധിപത്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ശബ്ദമുയര്‍ത്തുക എന്നത് അവകാശമാണ്. ഇരയ്ക്ക് ബഹുമാനവും സുരക്ഷയും നീതിയുമാണ് വേണ്ടത്. നിസഹായതയും ഭയവും അനീതിയുമല്ലെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.

ഉന്നാവ് പീഡനക്കേസില്‍ പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവ് ശിക്ഷ ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചിരുന്നു. 2019 ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് കുല്‍ദീപ് സിങ് നല്‍കിയ ഹര്‍ജിയില്‍ അന്തിമ തീര്‍പ്പാകുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചിട്ടുള്ളത്.

അതേസമയം ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച അതിജീവിതയും അമ്മയും ഡല്‍ഹിയില്‍ കയ്യേറ്റത്തിനിരയായി. മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചതോടെ ഓടുന്ന ബസില്‍നിന്ന് തന്നെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തള്ളിയിട്ടെന്ന് അതിജീവിതയുടെ മാതാവ് ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി അതിജീവിതയും അമ്മയും അവരുടെ അഭിഭാഷകയായ യോഗിത ഭയാനയും ഇന്ത്യാ ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മാണ്ഡി ഹൗസില്‍ പെണ്‍കുട്ടിയും അമ്മയും മാധ്യമങ്ങളെ കാണാന്‍ ഒരുങ്ങവേ ഇവര്‍ക്കൊപ്പം വന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ മാണ്ഡി ഹൗസിനു മുന്നില്‍ ബസ് നിര്‍ത്താന്‍ തയ്യാറായില്ല.

ഇതേ തുടര്‍ന്ന് അതിജീവിതയുടെ അമ്മ ബസിന്റെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോള്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൈമുട്ടു കൊണ്ട് അവരെ തട്ടുകയും ബസില്‍ നിന്ന് ചാടാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

വനിതാ ഉദ്യോഗസ്ഥരും ബസിലുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥര്‍ തള്ളിയിടാന്‍ ശ്രമിച്ചതോടെ മാതാവിന് ബസില്‍നിന്ന് ചാടേണ്ടിവന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ബസ് നിര്‍ത്താതെ അതിജീവിതയുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല. എന്റെ മകളെ അവര്‍ തടവിലാക്കിയിരിക്കുകയാണ്. അവര്‍ ഞങ്ങളെ കൊല്ലാന്‍ ആഗ്രഹിക്കുന്നെന്നാണ് തോന്നുന്നത്. സിആര്‍പിഎഫുകാര്‍ എന്നെ റോഡില്‍ തള്ളിയിട്ട ശേഷം മകളുമായി പോയി. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം അവസാനിപ്പിക്കാം. ഞങ്ങള്‍ പ്രതിഷേധിക്കാന്‍ പോകുകയായിരുന്നു. എന്നാല്‍ സിആര്‍പിഎഫുകാര്‍ അവളെ ബലമായി കൊണ്ടുപോയി'-മാതാവ് മാധ്യമങ്ങളോടു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.