'ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് അവധി റദ്ദാക്കി; പക്ഷേ, ആര്‍.എസ്.എസിന് കീഴടക്കാന്‍ കഴിയാത്തതാണ് കേരളത്തിന്റെ മനസ്': മുഖ്യമന്ത്രി

'ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് അവധി റദ്ദാക്കി; പക്ഷേ, ആര്‍.എസ്.എസിന് കീഴടക്കാന്‍ കഴിയാത്തതാണ് കേരളത്തിന്റെ മനസ്': മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മധ്യപ്രദേശ്, യുപി, കര്‍ണാടക, ഹരിയാന, ഒഡീഷ, ചത്തീസ്ഗഡ്, ജര്‍ഖണ്ഡ്, ബിഹാര്‍ മുതലായ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഇത്തരം ആക്രമണം നടക്കുന്നതായാണ് വാര്‍ത്തകള്‍. സംഘ പരിവാര്‍ ശക്തികളാണ് എല്ലാ ആക്രമണങ്ങള്‍ക്കും പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. അന്ന് മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനം ആഘോഷിക്കാനാണ് നിര്‍ദേശം. ഈ ദിനം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. ഇതില്‍ നിന്നൊക്കെ കേരളം വിട്ടുനില്‍ക്കുന്നുവെന്നാണ് നമ്മുടെ ബോധ്യം. എന്നാല്‍ ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നു.

സംസ്ഥാനത്തെ തപാല്‍ ഓഫീസുകളിലെ ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഗണഗീതം പാടണമെന്ന് ബിഎംഎസിന്റെ ആവശ്യം ഉയര്‍ന്നു. ഇതിനെതിരെ പ്രതിഷേധം വന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകള്‍ പോസ്റ്റ് ഓഫീസില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാന്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ തീരുമാനിച്ചു.

പാലക്കാട് പുതുശേരിയില്‍ കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തിന് നേരെ സംഘപരിവാര്‍ ആക്രമണം ഉണ്ടായി. ഈ അക്രമി സംഘത്തെ ന്യായീകരിച്ചാണ് ബിജെപി നേതാക്കള്‍ രംഗത്തു വന്നത്. കരോള്‍ സംഘത്തെ അവഹേളിക്കുകയും ചെയ്തു. അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോങ്ങള്‍ നടത്തുന്നതിനെതിരെ ആര്‍എസ്എസ് അനുകൂല സംഘടനകള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇത്തരം സംഭവങ്ങള്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ആഘോഷങ്ങള്‍ തടയുന്നവര്‍ക്കെതിരെയും മതപരമായ വിവേചനം കാട്ടുന്ന സ്‌കൂളുകള്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകും. കേരളത്തില്‍ ഇത്തരം ശക്തികള്‍ തലപൊക്കുന്നു എന്നത് ഗൗരവതരമാണ്. ഭരണഘടന അനുവദിച്ചു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കെതിരായ ഒരു കടന്നു കയറ്റത്തെയും അംഗീകരിക്കില്ല.

രാജ്യത്തിന്റെ ബഹുസ്വരതയെ എതിര്‍ക്കുന്നവരാണ് വിപ്രതിപത്തി വെച്ചു പുലര്‍ത്തുന്ന സംഘപരിവാര്‍. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് കേക്കും കൊണ്ട് ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ദര്‍ശനം നടത്തിയവരാണ് ഇപ്പോള്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ചത്.

2025 ഏപ്രില്‍ നാലിന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ സ്വത്തിനെക്കുറിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടതും ആര്‍.എസ്.എസിന്റെ ഉള്ളിലിരുപ്പ് കാട്ടിത്തന്നു. അപരമത വിദ്വേഷം പരത്തി മതനിരപേക്ഷതയെ കളങ്കപ്പെടുത്തുന്ന സംഘപരിവാര്‍ ശ്രമങ്ങളെ നാട് ഒരുതരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ക്രിസ്മസ് നവവത്സര ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും പുത്തന്‍ പ്രതിക്ഷയുടെയും ആഘോഷമാണ് ക്രിസ്മസെന്നും കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.