വാഷിങ്ടണ്‍: ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന് മേല്‍ ചൈന വീണ്ടും അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇത് സംഘര്‍ഷത്തിന് ഇടയാക്കിയേക്കാമെന്നും പെന്റഗണ്‍. യു.എസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പെന്റഗണ്‍ ഇക്കാര്യം പറയുന്നത്.
2049 ലക്ഷ്യമാക്കി ചൈന നടത്തുന്ന ഗ്രേറ്റ് റജുവനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി തായ് വാന്‍, ദക്ഷിണ ചൈനാ കടലിലെ മറ്റ് പ്രാദേശിക പ്രദേശങ്ങള്‍ എന്നിവയ്‌ക്കൊപ്പമാണ് അരുണാചല്‍ പ്രദേശും അവകാശപ്പെടുന്നത്. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കാനും പോരാടാനും വിജയിക്കാനും കഴിവുള്ള ലോകോത്തര സൈനിക ശക്തി രൂപപ്പെടുത്താനും ചൈന ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ സൈനിക പിന്മാറ്റം ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും ഒരു കരാറിലെത്തിയിരുന്നു. എന്നാല്‍, മാസങ്ങളോളം നീണ്ട ശാന്തതയ്ക്ക് ശേഷം അടുത്തിടെ അരുണാചല്‍ പ്രദേശില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം, ലണ്ടനില്‍ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന പ്രേമ തോങ്‌ഡോക് എന്ന ഇന്ത്യന്‍ പൗരയെ ചൈനയിലെ ഷാങ്ഹായില്‍ പുഡോങ് വിമാനത്താവളത്തില്‍ 18 മണിക്കൂര്‍ തടഞ്ഞുവെച്ചത് വലിയ ചര്‍ച്ചയായിരുന്നു.
ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ജനനസ്ഥലം അരുണാചല്‍ പ്രദേശ് എന്ന് രേഖപ്പെടുത്തിയതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. പ്രേമയുടെ പാസ്പോര്‍ട്ട് അസാധുവാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.
അരുണാചല്‍ ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഭക്ഷണവും മറ്റ് സൗകര്യങ്ങളും നിഷേധിക്കപ്പെട്ടുവെന്നും പ്രേമ ആരോപിച്ചു. ഒടുവില്‍ ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടാണ് യുവതിയെ മോചിപ്പിച്ചത്.
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പരാമര്‍ശിച്ച പ്രേമയെ പിന്തുണച്ച് ചെയ്ത വീഡിയോ ചെയ്ത ഒരു യൂട്യൂബറെ ചൈന തടഞ്ഞുവച്ചതും വലിയ വിവാദമായി.
അരുണാചല്‍ പ്രദേശ് തങ്ങളുടേതാണെന്ന് എക്കാലവും ചൈന അവകാശം ഉന്നയിച്ചിട്ടുണ്ട്. ദക്ഷിണ ടിബറ്റ് അല്ലെങ്കില്‍ സാംഗ്‌നാന്‍ എന്നാണ് ഈ മേഖലയെ ചൈന വിശേഷിപ്പിക്കുന്നത്. 1914 ല്‍ ബ്രിട്ടീഷുകാര്‍ വരച്ച മക്‌മോഹന്‍ രേഖ ചൈന അംഗീകരിക്കുന്നില്ല. അതിര്‍ത്തി നിര്‍ണയം ബ്രിട്ടനും അക്കാലത്ത് സ്വതന്ത്രമായിരുന്ന ടിബറ്റും അംഗീകരിച്ചിരുന്നു.
മുഴുവന്‍ അരുണാചലും, പ്രത്യേകിച്ച് തവാങും, ചൈനക്ക് വളരെ പ്രധാനപ്പെട്ട പ്രദേശങ്ങളാണ്. ആദ്യകാലങ്ങളില്‍ തവാങില്‍ മാത്രമാണ് ചൈന അവകാശം ഉന്നയിച്ചത്. പിന്നീട് സംസ്ഥാനം മുഴുവനായും അവകാശപ്പെട്ടു. അതിനുശേഷം, ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ഇടയ്ക്കിടെ അരുണാചലിലെ സ്ഥലങ്ങള്‍ക്ക് പുതിയ പേരിട്ട് പട്ടിക പുറത്തു വിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.