"പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി നാം സംസാരിക്കണം"; വിശ്വാസത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പോപ്പ് താരം നിക്കി മിനാജ്


വാഷിങ്ടൺ: ലോകമെമ്പാടും പീഡനങ്ങൾ അനുഭവിക്കുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രശസ്ത ഗായിക നിക്കി മിനാജ്. അമേരിക്ക ഫെസ്റ്റിൽ ടേണിംഗ് പോയിന്റ് യുഎസ്എ സിഇഒ എറിക്ക കിർക്കിനൊപ്പം വേദി പങ്കിട്ടു സംസാരിക്കവെയാണ് താരം തന്റെ ശക്തമായ നിലപാടുകൾ വ്യക്തമാക്കിയത്.

മുപ്പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത നിക്കി മിനാജ് നൈജീരിയയിലെ ക്രിസ്ത്യാനികൾ നേരിടുന്ന കൊടും ക്രൂരതകൾക്കെതിരെ ശബ്ദമുയർത്താൻ ആഹ്വാനം ചെയ്തു. നൈജീരിയയിൽ വിശ്വാസത്തിന്റെ പേരിൽ ആളുകൾ തട്ടിക്കൊണ്ടുപോകപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യം അങ്ങേയറ്റം വേദനാജനകമാണെന്ന് മിനാജ് പറഞ്ഞു.

"നമ്മൾ സ്വതന്ത്രമായി ദൈവത്തെ ആരാധിക്കുമ്പോൾ ഒളിച്ചിരുന്ന് പ്രാർത്ഥിക്കേണ്ടി വരുന്നവരെ ഓർക്കണം. എന്റെ പാസ്റ്റർ നൈജീരിയക്കാരനാണ്. എനിക്ക് ആ രാജ്യവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. പള്ളികളിൽ പോകുന്നതിന്റെ പേരിൽ അവിടെ ആളുകൾ പീഡിപ്പിക്കപ്പെടുന്നു. ഇതിനെതിരെ അമേരിക്കയിൽ പ്രതിഷേധം ആളിക്കത്തണം," 43കാരിയായ താരം പറഞ്ഞു.

തന്റെ വിശ്വാസ ജീവിതത്തിന്റെ വേരുകളെക്കുറിച്ചും താരം വാചാലയായി. ട്രിനിഡാഡിലെ കുട്ടിക്കാലത്ത് മുത്തശിയാണ് തന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത്. വീട്ടിൽ കുട്ടികദേവാലയത്തിൽ പള്ളിയിൽ പോകാൻ തുടങ്ങിയത് ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. ദൈവവചനം കേൾക്കുന്നതും അത് ജീവിതത്തിൽ പ്രയോഗിക്കുന്നതുമാണ് തന്നെ മികച്ച വ്യക്തിയാക്കിയതെന്നും മിനാജ് സാക്ഷ്യപ്പെടുത്തി.

മതേതര ലോകത്ത് പലപ്പോഴും ഒറ്റപ്പെടൽ അനുഭവപ്പെട്ടിട്ടുണ്ടെന്നും വിശ്വാസത്തിൽ നിന്ന് അകന്നുപോയ നിമിഷങ്ങളുണ്ടെന്നും താരം തുറന്നു പറഞ്ഞു. എന്നാൽ താൻ തിരികെ വരുമ്പോൾ ദൈവം എപ്പോഴും തന്നെ കാത്തിരിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതായും നിക്കി മിനാജ് പറഞ്ഞു. വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച താരത്തിന്റെ വാക്കുകൾ വലിയ ചർച്ചയായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.