'കണ്ണടച്ച് തുറക്കും മുന്‍പേ കടന്നു പോകും': മണിക്കൂറില്‍ 700 കിലോ മീറ്റര്‍ വേഗം!. ലോക റെക്കോര്‍ഡ് ഇട്ട് ചൈനയുടെ മാഗ്ലെവ് ട്രെയിന്‍; വീഡിയോ

'കണ്ണടച്ച് തുറക്കും മുന്‍പേ കടന്നു പോകും': മണിക്കൂറില്‍ 700 കിലോ മീറ്റര്‍ വേഗം!. ലോക റെക്കോര്‍ഡ് ഇട്ട് ചൈനയുടെ മാഗ്ലെവ് ട്രെയിന്‍; വീഡിയോ

ബെയ്ജിങ്: മണിക്കൂറില്‍ 700 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് ലോക റെക്കോര്‍ഡിട്ട് ചൈനയുടെ മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ (മാഗ്ലെവ്) ട്രെയിന്‍. കണ്ണടച്ച് തുറക്കും മുന്‍പേ സ്ഥലം വിട്ടിരിക്കും... അതാണ് ചൈനയുടെ പുത്തന്‍ മാഗ്ലെവ് ട്രെയിന്‍.

ചൈനയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് ചൈന ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 400 മീറ്റര്‍ നീളമുള്ള മാഗ്ലെവ് ട്രാക്കിലായിരുന്നു പരീക്ഷണം.

ഇത്രയും ഉയര്‍ന്ന വേഗത കൈവരിച്ച ശേഷം ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്താനും സാധിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ 'സൂപ്പര്‍ കണ്ടക്റ്റിങ് ഇലക്ട്രിക് മാഗ്ലെവ്' ട്രെയിനായി ഇത് മാറി.

പരീക്ഷണ ഓട്ടത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ട്രെയിന്‍ ഒരു മിന്നല്‍പ്പിണര്‍ പോലെ പാഞ്ഞു പോകുന്നത് കാണാം. നഗ്ന നേത്രങ്ങള്‍ കൊണ്ട് പിന്തുടരാന്‍ കഴിയാത്ത അത്ര സ്പീഡിലായിരുന്നു ട്രെയിന്‍ പാഞ്ഞത്.

വേഗത്തിന്റെ കാര്യത്തില്‍ ചൈന ലോകത്തെ അമ്പരപ്പിക്കുന്നത് ഇതാദ്യമല്ല. ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള അതിവേഗ മാഗ്ലെവ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതും ചൈനയിലാണ്. ഷാങ്ഹായ് മാഗ്ലെവ് മണിക്കൂറില്‍ 300 കിലോ മീറ്ററിലധികം വേഗത്തിലാണ് സര്‍വീസ് നടത്തുന്നത്. മണിക്കൂറില്‍ 431 കിലോ മീറ്ററാണ് ഇതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത.

പുതിയ ട്രെയിനിന് മണിക്കൂറില്‍ 700 കിലോ മീറ്ററാണ് വേഗതയെങ്കില്‍ ഇതിലും വേഗമുള്ള ട്രെയിനാണ് ചൈനയുടെ ലക്ഷ്യം. ഇതും മറികടന്ന് ഏറെ വൈകാതെ തന്നെ വിമാനത്തിന്റെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ എന്ന ആശയം സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ എന്നും ലോകത്തെ അമ്പരപ്പിക്കുന്ന ചൈന യാഥാര്‍ഥ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.