'ഇന്ത്യാ-പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെട്ടു'; ട്രംപിന് പിന്നാലെ പുതിയ അവകാശ വാദവുമായി ചൈന

'ഇന്ത്യാ-പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെട്ടു'; ട്രംപിന് പിന്നാലെ പുതിയ അവകാശ വാദവുമായി ചൈന

ബെയ്ജിങ്: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യാ-പാക് സംഘര്‍ഷം സമാധാനമായി പരിഹരിച്ചതിന്റെ ക്രെഡിറ്റ് ലഭിച്ചില്ലെന്ന ട്രംപിന്റെ പരിഭവത്തിന് പിന്നാലെ പുതിയ അവകാശവാദവുമായി ചൈനയും രംഗത്ത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെട്ടെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ അവകാശ വാദം.

അപകടകരമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചൈനീസ് സമീപനത്തെ പിന്തുടര്‍ന്ന് വടക്കന്‍ മ്യാന്‍മര്‍, ഇറാനിയന്‍ ആണവ പ്രശ്നം, പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, പാലസ്തീനും ഇസ്രയേലും തമ്മിലുള്ള പ്രശ്നങ്ങള്‍, കംബോഡിയയും തായ്‌ലന്‍ഡും തമ്മിലുള്ള സമീപകാല സംഘര്‍ഷം എന്നിവയില്‍ തങ്ങള്‍ മധ്യസ്ഥത വഹിച്ചതായി വാങ് യി യു അവകാശപ്പെട്ടു.

ബെയ്ജിങില്‍ ചൈനയുടെ വിദേശ ബന്ധങ്ങളെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് വാങ് യി ഇന്ത്യാ പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ തങ്ങള്‍ ഇടപെട്ടതായുള്ള അവകാശ വാദം ഉന്നയിച്ചത്. അതേസമയം സംഘര്‍ഷ സമയത്ത് ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ പ്രയോഗിച്ച ആയുധങ്ങളില്‍ കൂടുതലും ചൈനീസ് നിര്‍മിതമായിരുന്നു. എന്നാല്‍ ഇവ ഫലപ്രദമായി തടയാനും നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ പ്രതിരോധിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

മാത്രമല്ല ഇന്ത്യ-പാക് സംഘര്‍ഷങ്ങളിലെ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചതുമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മെയ് ഏഴിന് ആരംഭിച്ച സൈനിക സംഘര്‍ഷം ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ ഡിജിഎംഒമാര്‍ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) തമ്മില്‍ നേരിട്ട് നടന്ന ചര്‍ച്ചകളിലൂടെ പരിഹരിച്ചതായിട്ടായിരുന്നു ഇന്ത്യയുടെ നിലപാട്. മെയ് 13 ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തിലൂടെ ഇതിന് വ്യക്തത വരുത്തിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും സംബന്ധിച്ച കാര്യങ്ങളില്‍ മൂന്നാം കക്ഷി ഇടപെടലിന് സ്ഥാനമില്ലെന്ന മുന്‍ നിലപാട് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ അവകാശവാദവുമായി ചൈന രംഗത്ത് വന്നിരിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനെതിരെ ഓപ്പറേഷന്‍ സിന്ദൂറുമായി ഇന്ത്യ രംഗത്തെത്തിയത്. ഒന്‍പത് ഭീകര കേന്ദ്രങ്ങളിലായി മെയ് ഏഴിന് അര്‍ധരാത്രിയില്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം ഭീകരരെയാണ് ഇന്ത്യ വധിച്ചത്. ബഹാവല്‍പൂരിലെ ജയ്‌ഷെ ആസ്ഥാനവും മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും ഇന്ത്യ തകര്‍ത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.