അബുജ: വടക്കുകിഴക്കൻ നൈജീരിയയിലെ ആഡമാവ സംസ്ഥാനത്ത് ബോക്കോ ഹറാം ഭീകരർ നടത്തിയ ആസൂത്രിത ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച രാത്രിയോടെ ഹോങ് ലോക്കൽ ഗവൺമെന്റ് പരിധിയിലുള്ള സാ, മുബാംഗ് യാദുൽ, കിജിംഗ് എന്നീ ഗ്രാമങ്ങളിലായിരുന്നു ഭീകരരുടെ അഴിഞ്ഞാട്ടം.
അർദ്ധ രാത്രിയോടെ ആയുധങ്ങളുമായെത്തിയ ഭീകരർ ഗ്രാമവാസികൾക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ഗ്രാമങ്ങളിലെ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഭീകരർ അഗ്നിക്കിരയാക്കി. കടകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും കന്നുകാലികളെയും കവർന്ന ശേഷമാണ് അക്രമിസംഘം പിൻവാങ്ങിയത്. ആക്രമണത്തെത്തുടർന്ന് പ്രാണരക്ഷാർത്ഥം നൂറുകണക്കിന് ആളുകൾ സമീപത്തെ കാടുകളിലേക്ക് ഓടിരക്ഷപ്പെട്ടു.
ക്രിസ്മസ് ആഘോഷങ്ങൾക്ക് പിന്നാലെ ഉണ്ടായ ഈ ആക്രമണം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സുരക്ഷാ സേന സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ ഭീകരർ രക്ഷപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. സാംബിസ വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ സുരക്ഷാ പട്രോളിംഗ് ശക്തമാക്കണമെന്നും സൈനിക പോസ്റ്റുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധമുയർത്തി.
കഴിഞ്ഞ ദശകത്തിലേറെയായി നൈജീരിയയിൽ ബോക്കോ ഹറാം നടത്തുന്ന ആക്രമണങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്. ക്രൈസ്തവ ഗ്രാമങ്ങളെയും ദേവാലയങ്ങളെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾ വർധിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ വൻ സുരക്ഷാ സന്നാഹങ്ങളോടെ നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.