പുടിന്റെ വസതിക്ക് നേരെ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം: റഷ്യയുടെ ആരോപണം തള്ളി അമേരിക്ക

പുടിന്റെ വസതിക്ക് നേരെ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം: റഷ്യയുടെ ആരോപണം തള്ളി അമേരിക്ക

സമാധാന ശ്രമങ്ങളെ തടയാനുള്ള നീക്കമെന്ന് ഉക്രെയ്‌നും യൂറോപ്യന്‍ യൂണിയനും.

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക വസതിക്കു നേരെ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് അമേരിക്ക. പുടിനെയോ അദേഹത്തിന്റെ ഏതെങ്കിലും വസതികളെയോ ലക്ഷ്യമിട്ട് ഉക്രെയ്ന്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി.

ആരോപണം പച്ചക്കള്ളമാണെന്നും സമാധാന ചര്‍ച്ചകളെ തടസപ്പെടുത്താന്‍ കെട്ടിച്ചമച്ചതാണെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി നേരത്തേ പ്രതികരിച്ചിരുന്നു. സമാധാന ശ്രമങ്ങളെ തടയാനുള്ള നീക്കമാണെന്ന് യൂറോപ്യന്‍ യൂണിയനും ആരോപിച്ചു.

പുടിനെതിരെ ഉക്രെയ്ന്‍ ആക്രമണ ശ്രമം നടത്തിയതിന് തെളിവില്ലെന്ന് യു.എസ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 'ആക്രമണം നടന്നോ' എന്ന ചോദ്യമുന്നയിച്ച് മാധ്യമ വാര്‍ത്ത പങ്കുവച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യയുടെ ആരോപണം തള്ളിക്കളഞ്ഞു.

എന്നാല്‍ നോവ്‌ഗൊറോഡ് മേഖലയിലുള്ള പുടിന്റെ സ്റ്റേറ്റ് വസതിക്ക് നേരെ ആക്രമണം നടന്നതായി ആരോപിച്ച് റഷ്യ ഒരു വീഡിയോ പുറത്തു വിട്ടു. ഒരു ഡ്രോണിനെ വെടിവച്ചിട്ട ദൃശ്യങ്ങളാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ടത്.

രാത്രിയില്‍ ചിത്രീകരിച്ചിട്ടുള്ള വീഡിയോയില്‍ മഞ്ഞുമൂടിയ ഒരു കാട്ടില്‍ തകര്‍ന്ന ഡ്രോണ്‍ കിടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആസൂത്രിതമായ ആക്രമണമാണെന്നാണ് റഷ്യയുടെ ആരോപണം. സംഭവത്തെ 'ഭീകരാക്രമണം' എന്നും പുടിനെതിരായ 'വ്യക്തിപരമായ ആക്രമണം' എന്നുമാണ് റഷ്യ ആരോപിച്ചത്.

ഡിസംബര്‍ 28 ന് വൈകുന്നേരം ഏഴ് മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. പുടിന്റെ വസതിക്കുനേരെ കൂട്ട ഡ്രോണ്‍ വിക്ഷേപണം നടത്തുകയായിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.