ടെഹ്റാൻ : ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോൾ സംഘർഷം അതിരൂക്ഷമാകുന്നു. പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിലും ഏറ്റുമുട്ടലിലുമായി ഇതുവരെ പത്തുപേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാനിയൻ ജനതയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചാൽ അമേരിക്കൻ സൈന്യം ഇടപെടുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പോടെ വിഷയം ആഗോള പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബർ 28 ന് ടെഹ്റാനിലെ വ്യാപാരികൾ ആരംഭിച്ച സമരം ഇപ്പോൾ രാജ്യത്തെ 46 നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ബുഷെഹറിലും ലൊറെസ്താനിലും പ്രതിഷേധക്കാർ ഇറാനിയൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതാകകൾ സ്ഥാപിച്ച കൊടിമരങ്ങൾ നശിപ്പിക്കുകയും പതാകകൾ പിഴുതെറിയുകയും ചെയ്തു. പ്രക്ഷോഭത്തെ നിർദയം നേരിടുമെന്ന് ഇറാൻ പൊലീസ് അറിയിച്ചതോടെ കൂടുതൽ രക്തച്ചൊരിച്ചിലിന് സാധ്യതയുണ്ട്.
ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ വിദേശ രാജ്യങ്ങളിൽ അഭയം തേടിത്തുടങ്ങിയെന്ന് യുകെ പാർലമെന്റ് അംഗം ടോം ട്യൂഗൻധാറ്റ് വെളിപ്പെടുത്തി. ട്രംപിന്റെ നിലപാടിനെ ഇറാനിയൻ പ്രതിപക്ഷ നേതാക്കളും മുൻ രാജകുടുംബാംഗങ്ങളും സ്വാഗതം ചെയ്തു. എന്നാൽ അമേരിക്ക ലോക പൊലീസ് ചമയേണ്ടതില്ലെന്ന് വ്യക്തമാക്കി യുഎസിലെ ചില ജനപ്രതിനിധികൾ ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
സ്ഥിതിഗതികൾ മോശമായതോടെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് കാനഡ സ്വന്തം പൗരന്മാർക്ക് നിർദേശം നൽകി. നിലവിൽ 113 കേന്ദ്രങ്ങളിൽ സജീവ പ്രതിഷേധം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.