പാകിസ്ഥാനിലെ ലഷ്‌കറെ തൊയ്ബ ഭീകര ക്യാമ്പില്‍ മുഖ്യാതിഥിയായി ഹമാസ് പ്രതിനിധി; വീഡിയോ

 പാകിസ്ഥാനിലെ ലഷ്‌കറെ തൊയ്ബ ഭീകര ക്യാമ്പില്‍ മുഖ്യാതിഥിയായി ഹമാസ് പ്രതിനിധി; വീഡിയോ

ഇസ്ലമാബാദ്: ഹമാസ് നേതാവ് ഖാലിദ് മെഷാലിന്റെ പ്രത്യേക പ്രതിനിധി നാജി സഹീര്‍ പാകിസ്ഥാനിലെ ഭീകര ക്യാമ്പ് സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ ഭാഗമായുള്ള പഞ്ചാബിലെ ഗുജ്റന്‍വാലയിലുള്ള ലഷ്‌കറെ തൊയ്ബ ഭീകര ക്യാമ്പില്‍ നടന്ന ഒരു പരിപാടിയിലെ മുഖ്യാതിഥി നാജി സഹീര്‍ ആയിരുന്നു എന്നാണ് വിവരം.

പരിപാടിയില്‍ നിന്നുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. വേദിയിലേക്ക് കടന്നു വരുന്ന സഹീറിനെ മോഡറേറ്റര്‍ പരിചയപ്പെടുത്തുമ്പോള്‍ ഹാളിലുണ്ടായിരുന്നവര്‍ മുദ്രാവാക്യം വിളിച്ചാണ് വരവേല്‍ക്കുന്നത്.

പാക് ചാര സംഘടനയായ ഐഎസ്ഐ ഹമാസ് അംഗങ്ങളെ രഹസ്യമായി പരിശീലിപ്പിക്കുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങള്‍ക്ക് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ ഹമാസിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പാകിസ്ഥാന്‍ അവര്‍ക്ക് അഭയവും വിഭവങ്ങളും സൈനിക വൈദഗ്ദ്ധ്യവും നല്‍കുന്നു എന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെ ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഹമാസ് നേതാവിന്റെ ആദ്യ പാകിസ്ഥാന്‍ സന്ദര്‍ശനമല്ലിത്. 2024 ഏപ്രിലില്‍ സഹിര്‍ ഇസ്ലമാബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷനില്‍ അതിഥിയായി പ്രത്യക്ഷപ്പെട്ടിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജയ്ഷെ മുഹമ്മദ് പോലുള്ള ഭീകര സംഘടനകളുടെ നേതാക്കളോടൊപ്പം സഹീര്‍ മുമ്പും വേദി പങ്കിട്ടിട്ടുള്ളതായി മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം, പഹല്‍ഗാം ആക്രമണത്തിന് ദിവസങ്ങള്‍ക്കുമുമ്പ് റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോയില്‍, ലഷ്‌കര്‍ കമാന്‍ഡര്‍ അബു മൂസ, ഗാസയെയും കാശ്മീരിനെയും തുല്യമായി കണക്കാക്കി 'ജിഹാദ് മാത്രമാണ് പരിഹാരം' എന്ന് പ്രഖ്യാപിച്ചിരുന്നു.

'ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, ഭിക്ഷയല്ല. പാലസ്തീന്റെയും കാശ്മീരിന്റെയും ശത്രുക്കള്‍ നമ്മുടെ ശത്രുക്കളാണ്. ഇസ്രയേലിനെ മുട്ടുകുത്തിക്കുമ്പോള്‍ കശ്മീരിലും ഞങ്ങള്‍ അത് ചെയ്യും' എന്നായിരുന്നു അബു മൂസ ആ വീഡിയോയില്‍ പറഞ്ഞത്.

ഗാസയില്‍ സ്ഥിരതാ സേനയിലേക്ക് സൈന്യത്തെ സംഭാവന ചെയ്യാന്‍ പാകിസ്ഥാന് മേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്ന സമയത്താണ് ഹമാസ് നേതാവ് നാജി സഹീറിന്റെ പാക് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

സൈനിക സഹായത്തിന് പുറമെ, യുദ്ധം തകര്‍ത്ത പലസ്തീന്റെ പുനര്‍നിര്‍മാണത്തിനും സാമ്പത്തിക വീണ്ടെടുപ്പിനും മേല്‍നോട്ടം വഹിക്കാനും പാകിസ്ഥാനോട് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ അധികം വൈകാതെ സംയുക്ത സേനാ മേധാവി അസിം മുനീര്‍ വാഷിങ്ടണിലേക്ക് പോകുമെന്നാണ് അറിയുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.