അബുദാബി: യുഎഇയിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സന്ദർഭങ്ങളിൽ ഇൻഷുറൻസ് കമ്പനികളുടെ മുൻകൂർ അനുമതിക്കായി ചികിത്സ വൈകിപ്പിക്കരുതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്. രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനായിരിക്കണം ആശുപത്രികൾ പ്രഥമ പരിഗണന നൽകേണ്ടതെന്നും അദേഹം വ്യക്തമാക്കി. ഫെഡറൽ നാഷണൽ കൗൺസിൽ സമ്മേളനത്തിലാണ് മന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്.
അപകടങ്ങളോ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ മൂലം ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ചികിത്സ നൽകാൻ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള ഇലക്ട്രോണിക് അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല. രോഗിയുടെ നില സുസ്ഥിരമാക്കാൻ ആവശ്യമായ എല്ലാ അടിയന്തര നടപടികളും ആശുപത്രികൾ ഉടനടി സ്വീകരിക്കണം. സാങ്കേതികമായ കാരണങ്ങളാലോ ഇൻഷുറൻസ് നടപടിക്രമങ്ങളാലോ ഒരു ജീവൻ പോലും അപകടത്തിലാകരുത് എന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
അടിയന്തര കേസുകളിൽ ഇൻഷുറൻസ് അനുമതി ഇല്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടിയുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ പിന്നീട് കമ്പനികളുമായി ആശയവിനിമയം നടത്താനുള്ള സംവിധാനം നിലവിലുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ആരോഗ്യ മന്ത്രാലയം സ്വീകരിക്കും.
രാജ്യത്തെ എല്ലാ എമിറേറ്റുകളിലും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും 2025 ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഇൻഷുറൻസ് പ്രക്രിയകൾ കൂടുതൽ ലളിതമാക്കാനും രോഗികൾക്ക് മികച്ച സേവനം ഉറപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാധാരണ വിസ പുതുക്കുന്നതിനും വർക്ക് പെർമിറ്റ് ലഭിക്കുന്നതിനും ഇപ്പോൾ ഇൻഷുറൻസ് നിർബന്ധമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.