ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം തുടരുന്നു; മരണം 42 ആയി, രാജ്യ വ്യാപകമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം തുടരുന്നു; മരണം 42 ആയി, രാജ്യ വ്യാപകമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ടെഹ്റാന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇറാനില്‍ തുടരുന്ന ഭരണകൂടവിരുദ്ധ പ്രക്ഷോഭത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ 42 പേര്‍ കൊല്ലപ്പെടുകയും 2270 ല്‍ അധികം ആളുകള്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 21 മരണങ്ങള്‍ മാത്രമാണ് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

ഏകാധിപതിക്ക് മരണം, പഹ്‌ലവി തിരിച്ച് വരും തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭക്കാര്‍ ഉയര്‍ത്തുന്നത്. പഴയ രാജഭരണകാലത്തെ ഇറാന്‍ പതാകയുമായാണ് ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നത്.

വര്‍ധിച്ച് വരുന്ന പണപ്പെരുപ്പത്തിലും ജീവിതച്ചെലവിലും പ്രതിഷേധിച്ച് ടെഹ്‌റാന്‍ ബസാറില്‍ തുടങ്ങിയ സമരം ഇപ്പോള്‍ ഇസ്ഫഹാന്‍, അബാദാന്‍, കെര്‍മാന്‍ഷാ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം വ്യാപിച്ചിരിക്കുകയാണ്. ഇസ്ഫഹാനില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധപ്പെട്ട കെട്ടിടത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു. ടെഹ്‌റാനില്‍ പ്രക്ഷോഭം നേരിടാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒടുവില്‍ പിന്മാറി. ഇവരെത്തിയ വാഹനങ്ങള്‍ പ്രക്ഷോഭക്കാര്‍ തീയിട്ട് നശിപ്പിച്ചു.

പ്രക്ഷോഭങ്ങള്‍ ശക്തമായതോടെ വ്യാഴാഴ്ച രാത്രി മുതല്‍ ഇറാനില്‍ രാജ്യ വ്യാപകമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. അന്താരാഷ്ട്ര ടെലിഫോണ്‍ ലൈനുകളും ലഭ്യമാകുന്നില്ലെന്ന് ഓണ്‍ലൈന്‍ വാച്ച്ഡോഗ് ആയ നെറ്റ്ബ്ലോക്സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ തമ്മിലുള്ള ആശയ വിനിമയം തടയാനാണ് ഭരണകൂടത്തിന്റെ നീക്കം.

ആയത്തുള്ള അലി ഖൊമേനിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ നാടുകടത്തപ്പെട്ട ഇറാനിയന്‍ രാജകുമാരന്‍ റെസ പഹ്‌ലവി ആഹ്വനം ചെയ്തതിന് പിന്നാലെയാണ് രാജ്യ വ്യാപകമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ഇറാനിലെ യുവതലമുറയെ 'വിജയത്തിന്റെ തലമുറ' (Generation V for Victory) എന്ന് വിശേഷിപ്പിച്ച അദേഹം സമരം തുടരാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. നിലവിലെ ഒത്തൊരുമയും സഹകരണവും തുടര്‍ന്നാല്‍ വിജയം സുനിശ്ചിതമായിരിക്കുമെന്നും അദേഹം അഭിപ്രായപ്പെട്ടു. തെരുവുകള്‍ കൈയ്യടക്കാനും ബാരിക്കേഡുകള്‍ എടുത്ത് മാറ്റാനും പ്രക്ഷോഭകാരികളോട് അദേഹം ആഹ്വാനം ചെയ്തു.

അതേസമയം വിദേശ ശത്രുക്കള്‍ വാടകയ്ക്കെടുത്ത ആളുകളാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് ഖൊമേനി ആരോപിക്കുന്നത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടും പ്രക്ഷോഭങ്ങള്‍ക്ക് ശമനമില്ലെന്നാണ് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാ നടപടികള്‍ക്കും നിലവിലുള്ള ആശയ വിനിമയ നിരോധനത്തിന് ഇടയിലും പ്രക്ഷോഭകര്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളെ ധിക്കരിച്ച് മുന്നോട്ട് പോവുകയാണ്.

പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന മാരകായുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. അതിക്രമം തുടര്‍ന്നാല്‍ ശക്തമായി ഇടപെടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുന്ന രീതിയില്‍ ജര്‍മനിയും അപലപിച്ചു. ഇറാനിയന്‍ കറന്‍സിയായ റിയാലിന്റെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ച നേരിട്ടതോടെ ഡിസംബര്‍ 28 നാണ് പ്രക്ഷോഭം തുടങ്ങിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.