വാഷിങ്ടണ്‍: ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ നിര്‍ദേശം സൈന്യം തള്ളി.
അമേരിക്കന്‍ സൈന്യത്തിലെ ജോയിന്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡിനോടാണ് ഗ്രീന്‍ലന്‍ഡ് പിടിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍ സൈനിക നടപടിയെന്ന നിര്‍ദേശത്തിനെ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫും ശക്തമായി എതിര്‍ത്തു.
നടപടി നിയമ വിരുദ്ധമാണെന്നും ഇതിന് യു.എസ് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നുമാണ് സൈനിക മേധാവികളുടെ നിലപാട്. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ നിന്ന് ട്രംപിന്റെ ശ്രദ്ധ തിരിക്കാനായി റഷ്യന്‍ 'ഗോസ്റ്റ്' കപ്പലുകളെ തടയുന്നതിനെക്കുറിച്ചോ ഇറാനെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ചോ ഉള്ള ചര്‍ച്ചകള്‍ സൈനിക ഉദ്യോഗസ്ഥര്‍ നടത്തുന്നതായി സൂചനയുണ്ട്.
ട്രംപിന്റെ രാഷ്ട്രീയ ഉപദേശകന്‍ സ്റ്റീഫന്‍ മില്ലറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗ്രീന്‍ലന്‍ഡ് പിടിക്കാനുള്ള ആശയങ്ങള്‍ മുന്നോട്ടു വെച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയ സൈനിക ഓപ്പറേഷന്റെ വിജയമാണ് ഇത്തരമൊരു നീക്കത്തിന് ഭരണകൂടത്തിന് പ്രേരണയായത്.
റഷ്യയോ ചൈനയോ ഗ്രീന്‍ലാന്‍ഡില്‍ ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ് പ്രദേശം പിടിച്ചെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നാണ് വിശദീകരണം. എന്നാല്‍ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് വോട്ടര്‍മാരുടെ ശ്രദ്ധ തിരിക്കാനാണ് ട്രംപ് ഈ വിവാദ നീക്കം നടത്തുന്നതെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.
ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വെള്ളിയാഴ്ച എണ്ണക്കമ്പനികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് ആവര്‍ത്തിച്ചിരുന്നു. നയതന്ത്രപരമായി ദ്വീപ് വാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ 'കടുത്ത രീതിയില്‍' ഇടപെടേണ്ടിവരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദ്വീപിനെ സംരക്ഷിക്കുന്നതില്‍ ഡെന്‍മാര്‍ക്ക് പരാജയപ്പെട്ടുവെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ആരോപിച്ചു.
അതേസമയം ട്രംപിന്റെ നിര്‍ദേശം അസംബന്ധമാണെന്നും ബലപ്രയോഗത്തിലൂടെയുള്ള ഏത് നീക്കവും നാറ്റോയുടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യപൂര്‍വ്വ ധാതുക്കളുടെ വന്‍ ശേഖരവും അന്തര്‍ദേശീയ സമുദ്ര പാതയിലെ തന്ത്രപ്രധാനമായ സ്ഥാനവുമാണ് ഗ്രീന്‍ലന്‍ഡിനെ അമേരിക്കയുടെ ലക്ഷ്യമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.