'തല പൊട്ടിത്തെറിക്കുന്ന തോന്നല്‍, മൂക്കില്‍ നിന്ന് രക്തസ്രാവം, ചോര ഛര്‍ദിച്ചു'; വെനസ്വേലയില്‍ അമേരിക്ക പ്രയോഗിച്ചത് ദുരൂഹമായ ആയുധം?

'തല പൊട്ടിത്തെറിക്കുന്ന തോന്നല്‍, മൂക്കില്‍ നിന്ന് രക്തസ്രാവം, ചോര ഛര്‍ദിച്ചു'; വെനസ്വേലയില്‍ അമേരിക്ക പ്രയോഗിച്ചത് ദുരൂഹമായ ആയുധം?

വാഷിങ്ടണ്‍: വെനസ്വേലയിലെ സൈനിക നടപടിയില്‍ യു.എസ് സൈന്യം ദുരൂഹമായ പ്രത്യേക തരം ആയുധം പ്രയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷനിടെ തീവ്രമായ ശബ്ദ തരംഗം പോലുള്ള ഒരായുധം വെനസ്വേലന്‍ സൈനികരെ പ്രവര്‍ത്തന രഹിതരാക്കിയെന്ന് വെനസ്വേലന്‍ സൈന്യത്തിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

'ആക്രമണത്തിന്റെ ഒരു ഘട്ടത്തില്‍ അവര്‍ എന്തോ വിക്ഷേപിച്ചു; അത് എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. അത് വളരെ തീവ്രമായ ഒരു ശബ്ദ തരംഗം പോലെയായിരുന്നു. പെട്ടെന്ന്, എന്റെ തല അകത്തു നിന്നും പൊട്ടിത്തെറിക്കുന്നതായി തോന്നി.

ഞങ്ങള്‍ എല്ലാവരുടെയും മൂക്കില്‍ നിന്ന് രക്തസ്രാവം തുടങ്ങി. ചിലര്‍ രക്തം ഛര്‍ദ്ദിച്ചു. നിലത്ത് വീണ് ചലിക്കാന്‍ കഴിയാതെയായി. ആ ശബ്ദായുധം ഉപയോഗിച്ചതിന് ശേഷം ഞങ്ങള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല'- മൈക്ക് നെറ്റര്‍ എന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

വെള്ളിയാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമില്‍ അദേഹം പങ്കുവെച്ച മാധ്യമ അഭിമുഖ ഭാഗം യു.എസ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് റീ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ സൈന്യം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് റഡാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുകയും പ്രദേശത്താകമാനം ഡ്രോണുകള്‍ വിന്യസിച്ച് വെനസ്വേലന്‍ സൈന്യത്തിന് പ്രതിരോധിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാക്കുകയും ചെയ്തു എന്നും മൈക്ക് നെറ്ററിന്റെ പോസ്റ്റില്‍ പറയുന്നു.

'ഞങ്ങള്‍ ജാഗ്രതയിലായിരുന്നു, എന്നാല്‍ പെട്ടെന്ന് ഒരു വിശദീകരണവുമില്ലാതെ ഞങ്ങളുടെ എല്ലാ റഡാര്‍ സംവിധാനങ്ങളും പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് കണ്ടത് ഞങ്ങളുടെ തലയ്ക്ക് മുകളിലൂടെ പറക്കുന്ന ധാരാളം ഡ്രോണുകളാണ്. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.

അവര്‍ സാങ്കേതികമായി വളരെ പുരോഗമിച്ചവരായിരുന്നു, ഞങ്ങള്‍ മുമ്പ് പോരാടിയ യുദ്ധങ്ങളുമായി അവയ്ക്ക് സാമ്യമില്ലായിരുന്നു. ഇതൊരു യുദ്ധമല്ല, കൂട്ടക്കൊലയാണ്. യു.എസ് സൈന്യത്തിന്റെ വേഗതയും കൃത്യതയും കാരണം വെനസ്വേലന്‍ സൈന്യത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

ഞങ്ങള്‍ നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. പക്ഷെ, ഞങ്ങള്‍ക്ക് യാതൊരു അവസരവുമുണ്ടായിരുന്നില്ല. അവര്‍ വളരെ കൃത്യതയോടെയും വേഗതയോടെയുമാണ് വെടിയുതിര്‍ത്തത്. ഓരോ സൈനികനും മിനിറ്റില്‍ 300 റൗണ്ട് വെടിയുതിര്‍ത്തതായി തോന്നി'- വെനസ്വേലന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ മൈക്ക് നെറ്റര്‍ വെളിപ്പെടുത്തി.

പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് ഈ വിവരണം റീപോസ്റ്റ് ചെയ്തത് അവകാശവാദങ്ങള്‍ സ്ഥിരീകരിക്കുന്നതിന് തുല്യമാണോ എന്ന കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചില്ല.

ജനുവരി മൂന്നിലെ ഓപ്പറേഷനില്‍ ഏകദേശം 100 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി വെനസ്വേലയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണങ്ങള്‍ ഏതെങ്കിലും ആയുധവുമായി ബന്ധപ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല.

ഈ വിവരണം മൈക്രോവേവുകള്‍ അല്ലെങ്കില്‍ ലേസറുകള്‍ പോലുള്ള ഊര്‍ജം ഉപയോഗിച്ച് ലക്ഷ്യങ്ങളെ പ്രവര്‍ത്തന രഹിതമാക്കുന്ന ഡയറക്ട് എനര്‍ജി ആയുധങ്ങളുമായി സാമ്യമുള്ളതാണെന്ന് ഒരു മുന്‍ യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അമേരിക്കന്‍ സൈന്യത്തിന്റെ പക്കല്‍ കാലങ്ങളായി ഇത്തരം സംവിധാനങ്ങളുടെ പതിപ്പുകള്‍ ഉണ്ടെന്നും അത്തരം ചില സംവിധാനങ്ങള്‍ക്ക് രക്തസ്രാവം, വേദന, പൊള്ളല്‍, മനുഷ്യരെ പ്രവര്‍ത്തന രഹിതരാക്കല്‍ എന്നിവ ഉണ്ടാക്കാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു.

2020 ല്‍ ലഡാക്കില്‍ നടന്ന അതിര്‍ത്തി സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ചൈന മൈക്രോവേവ് ആയുധം ഉപയോഗിച്ചതായി മുന്‍പ് ആരോപിക്കപ്പെട്ടിരുന്നു, എന്നാല്‍ ആരോപണം ചൈന നിഷേധിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.