തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇരുപാര്‍ട്ടിയുടെയും പ്രധാന നേതാക്കളായ ജോസ് കെ. മാണിയും എം.വി ശ്രേയാംസ് കുമാറും കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന എല്‍ഡിഎഫ് സമരത്തിന് എത്തിയില്ല.
കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗത്തിലും ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടതു മുന്നണി അനൗദ്യോഗികമായി തുടക്കം കുറിക്കുന്ന പരിപാടിയായിട്ടും ഇരു നേതാക്കളും പങ്കെടുക്കാതിരുന്നത് മുന്നണിമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി.
കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എന്‍. ജയരാജ്, ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍ജെഡിയെ പ്രതിനീധികരിച്ച് വര്‍ഗീസ് ജോര്‍ജാണ് എത്തിയത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം നില്‍ക്കണമെന്ന വികാരം കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരില്‍ ശക്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് ഇതിന് കാരണം. അതിന്റെ സമ്മര്‍ദ്ദം നേതാക്കള്‍ക്കുമുണ്ട്.
സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും പിന്തുണച്ചു പോന്ന വിഭാഗങ്ങളുടെയും സമുദായ നേതൃത്വത്തിന്റെയും ഉറച്ച സഹായം ലഭിച്ചാലേ ജയിക്കാനാകൂവെന്നും പാര്‍ട്ടി എംഎല്‍എമാരില്‍ ചിലര്‍ വ്യക്തമാക്കിയതായാണ് സൂചന.
എന്നാല്‍ എല്‍ഡിഎഫിനൊപ്പം തന്നെ നില്‍ക്കണമെന്ന് വാദിക്കുന്ന എംഎല്‍എമാരും നേതാക്കളുമുണ്ട്. 16 ന് ചേരുന്ന ഉന്നതാധികാര യോഗം ഇതു സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയില്‍ നടക്കുന്ന എല്‍ഡിഎഫിന്റെ മേഖലാ ജാഥയില്‍ മധ്യമേഖലയുടെ ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത് ജോസ് കെ.മാണിയെയാണെങ്കിലും എന്‍.ജയരാജിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.