'കൊളോണിയല്‍ പൈതൃകം ഇനി വേണ്ട': പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ സമുച്ചയത്തിലേക്ക് മാറുന്നു

'കൊളോണിയല്‍ പൈതൃകം ഇനി വേണ്ട': പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ സമുച്ചയത്തിലേക്ക് മാറുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 'സേവാ തീര്‍ത്ഥ്' എന്ന സമുച്ചയത്തിലേക്ക് ഈ ആഴ്ച തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് മാറ്റിയേക്കും.

ജനുവരി 14 ന് മകര സംക്രാന്തി ദിനത്തില്‍ ഈ മാറ്റം നടപ്പിലാക്കാനാണ് പദ്ധതി. പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് എന്നിവയ്ക്കായാണ് പുതിയ സമുച്ചയം നിര്‍മിച്ചിട്ടുള്ളത്. മൂന്നിനും പ്രത്യേകം കെട്ടിടങ്ങള്‍ ലഭിക്കും.

പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിന് 'സേവാ തീര്‍ത്ഥ്-1' എന്നായിരിക്കും പേര്. 'സേവനം' എന്ന പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വര്‍ക്ക്‌സ്‌പേസുകളും ആചാരപരമായ മുറികളും ഇവിടെയുണ്ട്. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് മുതല്‍ സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇതോടെ ആ കാലഘട്ടത്തിന് അന്ത്യമാകും.

'സേവാ തീര്‍ത്ഥ് 2' ഇതിനകം തന്നെ കാബിനറ്റ് സെക്രട്ടേറിയറ്റായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മാറ്റി സ്ഥാപിച്ചത്. 'സേവാ തീര്‍ത്ഥ് 3' ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസ് പ്രവര്‍ത്തിക്കും.

പ്രധാനമന്ത്രിയുടെ ഓഫീസ് മാറിയാല്‍ സൗത്ത്, നോര്‍ത്ത് ബ്ലോക്കുകള്‍ 'യുഗേ യുഗീന്‍ ഭാരത് സംഗ്രഹാലയ' എന്ന പേരില്‍ പൊതു മ്യൂസിയമാക്കി മാറ്റും. മ്യൂസിയത്തിന്റെ വികസനത്തിനുള്ള സാങ്കേതിക സഹകരണത്തിനായി 2024 ഡിസംബര്‍ 19 ന് ഫ്രാന്‍സിന്റെ മ്യൂസിയം വികസന ഏജന്‍സിയുമായി ഒരു കരാര്‍ ഒപ്പുവച്ചിരുന്നു.

എക്‌സിക്യൂട്ടീവ് എന്‍ക്ലേവ് എന്നും അറിയപ്പെടുന്ന 'സേവാ തീര്‍ത്ഥ്' സമുച്ചയം ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) കമ്പനിയാണ് നിര്‍മിക്കുന്നത്. 1,189 കോടി രൂപയാണ് നിര്‍മാണ ചെലവ്. 2,26,203 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് സമുച്ചയത്തിനുള്ളത്. 'എക്‌സിക്യൂട്ടീവ് എന്‍ക്ലേവ് പാര്‍ട്ട് 2' എന്ന് പേരിട്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ ഔദ്യോഗിക വസതിയും സമീപത്ത് നിര്‍മാണത്തിലാണ്.

കൊളോണിയല്‍ പൈതൃകം ഇല്ലാതാക്കുക എന്ന നരേന്ദ്ര മോഡിയുടെ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഈ മാറ്റം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നേരത്തെ ന്യൂഡല്‍ഹിയിലെ രാജ്പഥിനെ കര്‍തവ്യ പാത എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.

കൂടാതെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന മന്ത്രാലയങ്ങളെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി ഒരിടത്തേക്ക് കൊണ്ടുവരാന്‍ 'കോമണ്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്' കെട്ടിടങ്ങളും നിര്‍മിച്ചു വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്യപ്പെട്ട 'കര്‍തവ്യ ഭവനി'ല്‍ ഒന്നിലധികം മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.