വത്തിക്കാൻ സിറ്റി: വെനസ്വേലയിലെ പ്രമുഖ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ വത്തിക്കാനിൽ വെച്ച് ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് നടന്ന ഈ കൂടിക്കാഴ്ച വത്തിക്കാന്റെ ഔദ്യോഗിക ഷെഡ്യൂളിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വത്തിക്കാന്റെ ഉച്ചയ്ക്കുള്ള വാർത്താ ബുള്ളറ്റിനിലാണ് പാപ്പയുടെ അജണ്ടയിൽ ഈ കൂടിക്കാഴ്ച ഉൾപ്പെടുത്തിയ വിവരം പുറത്തുവിട്ടത്. വെനസ്വേല നേരിടുന്ന കടുത്ത മാനുഷിക, സാമ്പത്തിക പ്രതിസന്ധികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ ശബ്ദമുയർത്തുന്ന നേതാവാണ് മച്ചാഡോ.
കൂടിക്കാഴ്ചയിലെ ചർച്ചാവിഷയങ്ങളെക്കുറിച്ച് വത്തിക്കാൻ ഔദ്യോഗിക വിശദീകരണങ്ങൾ നൽകിയിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മച്ചാഡോ ഈ ആഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.
വെനസ്വേലയിൽ നാടകീയമായ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. മയക്കുമരുന്ന് കടത്ത്, ഭീകരവാദം തുടങ്ങിയ കുറ്റാരോപണങ്ങളെത്തുടർന്ന് വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ ജനുവരി മൂന്നിന് യുഎസ് സൈന്യം പിടികൂടിയിരുന്നു. നിലവിൽ അദേഹം ന്യൂയോർക്കിലെ ഫെഡറൽ ജയിലിൽ കഴിയുകയാണ്.
മഡുറോയുടെ അറസ്റ്റിന് പിന്നാലെ മുൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. വെനസ്വേലയിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടണമെന്നും രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളെ ചേർത്തുപിടിച്ചു കൊണ്ട് സമാധാനപരമായ ഭാവി കെട്ടിപ്പടുക്കാൻ സഹകരിക്കണമെന്നും ലിയോ പാപ്പ മുൻപ് ആഹ്വാനം ചെയ്തിരുന്നു.
വെനസ്വേലൻ ജനതയുടെ താല്പര്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും മുൻഗണന നൽകിക്കൊണ്ടുള്ള സുസ്ഥിരമായ ഒരു സാഹചര്യം ഒരുക്കണമെന്ന് പാപ്പ ആവർത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.