കൊച്ചി: നൃത്ത പരിപാടിക്കിടെ കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജനീഷിന്റെ ഹര്‍ജിയിലാണ് നടപടി. കേസില്‍ പാലാരിവട്ടം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പരിക്കേറ്റ ഉമ തോമസ് നിയമ നടപടി തുടങ്ങിയിരുന്നു. അപകടത്തില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഗിന്നസ് റെക്കോഡ് ഇടാന്‍ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമായിരുന്നു വക്കീല്‍ നോട്ടീസ് അയച്ചത്. കൊച്ചി കോര്‍പറേഷന്‍, ജിസിഡിഎ, സംഘാടകരായ മൃദംഗവിഷന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
മതിയായ സുരക്ഷ ഒരുക്കാതെ പരിപാടി നടത്തിയ മൃദംഗവിഷനും അനുമതി നല്‍കിയ കോര്‍പറേഷനും ജിസിഡിഎയും ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നാണ് ഉമയുടെ ആരോപണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ താല്‍കാലിക സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് 47 ദിവസം നീണ്ട ചികിത്സക്കുശേഷമാണ് ആശുപത്രി വിട്ടത്. ഉമ തോമസിന്റേത് അത്ഭുതകരമായ തിരിച്ച് വരവാണെന്നും നട്ടെല്ലിനേറ്റ പരിക്ക് ഭേദമാകാന്‍ വിശ്രമം അത്യാവശ്യമാണെന്നും അന്ന് റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 29 നാണ് 12,000 പേര്‍ പങ്കെടുത്ത നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസിന് പരിക്കേറ്റത്. വിഐപി ഗാലറിയുടെ അറ്റത്തുള്ള ഇരിപ്പിടത്തിലേക്ക് പോവുകയായിരുന്ന ഉമ തോമസ് കാല്‍വഴുതി താല്‍കാലികമായി കെട്ടിയ ബാരിക്കേഡുകളും മറികടന്ന് താഴേക്ക് വീഴുകയായിരുന്നു. സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ബലമുള്ളതായിരുന്നില്ല. 20 അടിയോളം താഴ്ചയിലേക്കായിരുന്നു വീണത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.