തിരുവല്ല: മൂന്നാം ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനുണ്ടെന്ന എസ്ഐടിയുടെ വാദം അംഗീകരിച്ചാണ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ഏഴ് ദിവസത്തെ കസ്റ്റഡിയാണ് എസ്ഐടി ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് ദിവസമായി ചുരുക്കുകയായിരുന്നു. ജനുവരി 15 ന് വൈകുന്നേരം രാഹുലിനെ തിരികെ കോടതിയില്‍ ഹാജരാക്കണം. 16 ന് ജാമ്യാപേക്ഷ കോടതി പരിഗണിക്കും.
അറസ്റ്റ് ചട്ടവിരുദ്ധമാണെന്നാണ് പ്രതിഭാഗം വാദിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണ്. തന്നെ കൊണ്ടു നടന്ന് പ്രദര്‍ശിപ്പിക്കാനാണ് ശ്രമം. മെനഞ്ഞെടുത്ത കേസാണിത്. ചാടിക്കേറിയുള്ള അറസ്റ്റാണ് ഉണ്ടായതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പെടെ കണ്ടെടുക്കണമെന്നും പാലക്കാട് എത്തിക്കണമെന്നുമുള്ള എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ച് കോടതി രാഹുലിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
വിവാഹിതയും കോട്ടയം സ്വദേശിയുമായ മുപ്പത്തൊന്നുകാരി കാനഡയില്‍ നിന്ന് ഇ-മെയിലിലൂടെ ജനുവരി അഞ്ചിന് നല്‍കിയ പരാതിയിലാണ് എംഎല്‍എ അറസ്റ്റിലായത്. 2024 ഏപ്രില്‍ എട്ടിന് തിരുവല്ലയിലെ ഹോട്ടലില്‍ വച്ചാണ് പീഡിപ്പിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാനഡയില്‍ താമസിക്കുന്ന യുവതി താമസിയാതെ നാട്ടിലെത്തി മൊഴി നല്‍കും എന്നാണറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.