ന്യൂഡല്‍ഹി: അതിര്‍ത്തി കരാറിന്റെ ഭാഗമായി പാകിസ്ഥാന്‍ അനധികൃതമായി ചൈനയ്ക്ക് കൈമാറിയ ഷക്സ്ഗാം താഴ് വരയെ ചൊല്ലി ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമാകുന്നു. പ്രദേശത്ത് ചൈന 75 കിലോ മീറ്റര്‍ നീളമുള്ള റോഡ് നിര്‍മിച്ചതാണ് ഇന്ത്യയുടെ അതൃപ്തിക്ക് കാരണമായത്.
ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായതും അതിര്‍ത്തി കരാറിന്റെ ഭാഗമായി പാകിസ്ഥാന്‍ ചൈനയ്ക്ക് വിട്ടു കൊടുത്തതുമായ പ്രദേശമാണ് ഷക്സ്ഗാം താഴ് വര.
സിയാച്ചിന്‍ ഗ്ലേസിയറിന് വടക്ക് സ്ഥിതി ചെയ്യുന്ന ഏകദേശം 5,180 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള ഷക്സ്ഗാം താഴ്വരയില്‍ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡിന്റെ നിര്‍മാണം ചൈന പൂര്‍ത്തിയാക്കിയതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയത്.
കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റത്തിന് പിന്നാലെ ഇപ്പോള്‍ ഷക്സ്ഗാം താഴ്വര പുതിയ സംഘര്‍ഷ മേഖലയായി മാറിയിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിയാച്ചിനിലെ പാകിസ്ഥാന്‍ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഷക്സ്ഗാം താഴ് വരയിലെ നിയന്ത്രണം നിര്‍ണായകമാണ്.
ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) ഭാഗമായാണ് നിര്‍മാണം നടക്കുന്നത്. കാരക്കോറം മലനിരകളില്‍ നിന്നുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കാനും പാക് അധീന പ്രദേശങ്ങളിലേക്ക് കൂടുതല്‍ പ്രവേശനം നേടാനും ഈ റോഡ് ചൈനയെ സഹായിക്കും.
1947 ഒക്ടോബറില്‍ ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായതോടെ ഷക്സ്ഗാം താഴ് വര നിയമപരമായി ഇന്ത്യയുടെ ഭാഗമായി. എന്നാല്‍ അതിനകം പാകിസ്ഥാന്‍ നടത്തിയ കാശ്മീര്‍ അധിനിവേശത്തില്‍ ഈ പ്രദേശം അവരുടെ കൈവശമായി.
ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് 1963 ല്‍ പാകിസ്ഥാന്‍ പ്രദേശം ചൈനയ്ക്ക് വിട്ടുകൊടുത്തു. അതിര്‍ത്തി കരാര്‍ പ്രകാരം കാശ്മീര്‍ തര്‍ക്കം പരിഹരിക്കപ്പെടുന്ന മുറയ്ക്ക് വീണ്ടും ചര്‍ച്ചകള്‍ നടത്താമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഇന്ത്യ ഈ അതിര്‍ത്തി കരാര്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല.
ഷക്സ്ഗാം താഴ് വര ഇന്ത്യന്‍ ഭൂപ്രദേശമാണെന്നും 1963 ലെ ചൈന-പാകിസ്ഥാന്‍ കരാര്‍ നിയമ വിരുദ്ധവും അസാധുവുമാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു.
പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യന്‍ ഭൂമിയിലൂടെ കടന്നുപോകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴിയെ ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി. ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചൈനീസ് നിര്‍മാണത്തെ എതിര്‍ത്തു. ഈ മേഖലയില്‍ നടക്കുന്ന ഒരു പ്രവര്‍ത്തനത്തെയും ഇന്ത്യ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
പ്രദേശം തങ്ങളുടേതാണെന്നും സ്വന്തം മണ്ണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ് ചൈനയുടെ വാദം. സിപിഇസി എന്നത് വെറും സാമ്പത്തിക സഹകരണ പദ്ധതിയാണെന്നും അത് കാശ്മീര്‍ വിഷയത്തിലുള്ള തങ്ങളുടെ നിലപാടിനെ ബാധിക്കില്ലെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.