അമേരിക്കന്‍ ആക്രമണത്തിന്റെ സൂചനകള്‍?.. യാത്രാ രേഖകള്‍ തയ്യാറാക്കി രാജ്യം വിടുക; ഇന്ത്യക്കാരോട് ഇറാനിലെ ഇന്ത്യന്‍ എംബസി

അമേരിക്കന്‍ ആക്രമണത്തിന്റെ സൂചനകള്‍?.. യാത്രാ രേഖകള്‍ തയ്യാറാക്കി രാജ്യം വിടുക; ഇന്ത്യക്കാരോട് ഇറാനിലെ ഇന്ത്യന്‍ എംബസി

ടെഹ്റാന്‍: ഇസ്ലാമിക മത ഭരണകൂടത്തിനെതിരായ പൊതുജന പ്രതിഷേധം മൂലം ഇറാനില്‍ സ്ഥിതി ഒന്നിനൊന്ന് വഷളാകുന്ന സാഹചര്യത്തില്‍ അവിടെയുള്ള ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ഇറാനിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.

ഇറാനിലെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,500 കവിഞ്ഞ സാഹചര്യത്തിലാണ് എംബസിയുടെ അറിയിപ്പ്. വിദ്യാര്‍ഥികള്‍, തീര്‍ത്ഥാടകര്‍, വ്യാപാരികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരോടും നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച്, വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ രാജ്യം വിടാനാണ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാനില്‍ നാള്‍ക്കുനാള്‍ സ്ഥിതി കൂടുതല്‍ വഷളാവുകയാണ്. പ്രതിഷേധക്കാരെ പിന്തുണച്ച് ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദേശവും വന്നിരുന്നു. പ്രതിഷേധക്കാരോട് സമരം തുടരാന്‍ ആഹ്വാനം ചെയ്ത ട്രംപ്, അമേരിക്കയുടെ സഹായം വൈകാതെ അവിടെ എത്തും എന്നും പറഞ്ഞു. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

അതേസമയം അമേരിക്കയും ഇസ്രയേലും പ്രക്ഷോഭകരെ പ്രോത്സാഹിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു എന്നാണ് ഇറാന്‍ ആരോപിക്കുന്നത്. മാത്രമല്ല, പ്രക്ഷോഭത്തിന്റെ ഭാഗമായി ഇതുവരെ നടന്ന മരണങ്ങളുടെയെല്ലാം ഉത്തരവാദിത്വം 'തീവ്രവാദികളായ' പ്രതിഷേധക്കാര്‍ക്കാണെന്നും ഭരണകൂടം വ്യക്തമാക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇറാനിലുള്ള ഇന്ത്യക്കാരോട് പ്രതിഷേധ സ്ഥലങ്ങള്‍ ഒഴിവാക്കാനും ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്താനും യാത്രാ-തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കാനും എംബസി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

എംബസിയുമായി രജിസ്റ്റര്‍ ചെയ്യാത്തവരോട് എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഹായത്തിനായി അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഇമെയില്‍ പിന്തുണയും സജ്ജമാക്കിയിട്ടുണ്ട്.

'ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരോടും അവരുടെ യാത്രാ, കുടിയേറ്റ രേഖകളും പാസ്‌പോര്‍ട്ടുകളും ഐഡികളും ഉള്‍പ്പെടെ തയ്യാറായി സൂക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയത്തില്‍ എന്തെങ്കിലും സഹായത്തിനായി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ അവരോട് അഭ്യര്‍ത്ഥിക്കുന്നു.

എല്ലാ ഇന്ത്യന്‍ പൗരന്മാരും വേണ്ടത്ര ജാഗ്രത പുലര്‍ത്തണം. പ്രതിഷേധ സ്ഥലങ്ങള്‍ ഒഴിവാക്കണം, ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണം, പ്രാദേശിക മാധ്യമങ്ങളില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ നിരീക്ഷിക്കണം'- ഇറാനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പണപ്പെരുപ്പത്തെയും കറന്‍സി മൂല്യത്തകര്‍ച്ചയെയും തുടര്‍ന്നുണ്ടായ ഇറാനിലെ പ്രതിഷേധം ബുധനാഴ്ച ഇരുപതാം ദിവസത്തിലേക്ക് കടന്നു. രാജ്യത്തുടനീളമുള്ള ഏകദേശം 280 സ്ഥലങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടായി. ഇവയിലെല്ലാം ജീവഹാനികളുമുണ്ടായി എന്നാണ് വിവരം.

അതേസമയം പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുന്ന ട്രംപിന്റെ പ്രസ്താവനകള്‍ ഇറാനില്‍ അമേരിക്കന്‍ ആക്രമണത്തിന്റെ സൂചനകള്‍ നല്‍കുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമായ ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസ് ബുധനാഴ്ച വൈകുന്നേരത്തോടെ ഒഴിയാന്‍ പല ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്ക ഇറാനില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് മുന്നോടിയായി സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. അന്ന് ഓപ്പറേഷനുകള്‍ ആരംഭിക്കുന്നതിന് മുമ്പ് മിഡില്‍ ഈസ്റ്റിലെ യു.എസ് ബേസുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.