പാകിസ്ഥാനും ചൈനയും ഭീഷണി; ഇറാന്‍ മോഡല്‍ റോക്കറ്റ് മിസൈല്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്ത്യ

പാകിസ്ഥാനും ചൈനയും ഭീഷണി; ഇറാന്‍ മോഡല്‍ റോക്കറ്റ് മിസൈല്‍ ഫോഴ്‌സ്  രൂപീകരിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയിലടക്കം ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുണ്ടാകുന്ന നിരന്തര ഭീഷണികളുടെ പശ്ചാത്തലത്തില്‍ പ്രത്യേക റോക്കറ്റ് മിസൈല്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു.

ആധുനിക യുദ്ധ രംഗത്ത് റോക്കറ്റുകള്‍ക്കും മിസൈലുകള്‍ക്കുമുള്ള പ്രാധാന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സേന രാജ്യത്തിന് അനിവാര്യമാണെന്ന് കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ആര്‍മി ഡേയില്‍ സംസാരിക്കവേ വ്യക്തമാക്കി.

പാകിസ്ഥാനും ചൈനയ്ക്കും ഇത്തരത്തിലുള്ള പ്രത്യേക സൈനിക വിഭാഗങ്ങളുണ്ട്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോക്കറ്റ് ഫോഴ്‌സും (പി.എല്‍.എ.ആര്‍.എഫ്) അതിനെ മാതൃകയാക്കി പാകിസ്ഥാന്‍ രൂപീകരിച്ച ആര്‍മി റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡും (എ.ആര്‍.എഫ്.സി) ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയാണ്.

ഇസ്രയേല്‍- ഇറാന്‍ യുദ്ധം, ഉക്രെയ്ന്‍-റഷ്യ യുദ്ധം എന്നിവയിലെല്ലാം മിസൈലുകളും റോക്കറ്റുകളും ധാരാളമായി ഉപയോഗിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലും ഇന്ത്യന്‍ മിസൈലുകള്‍ പാകിസ്ഥാനില്‍ വലിയ നാശം വിതച്ചു. ഇത്തരത്തില്‍ മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെടുന്ന ഹൈബ്രിഡ് യുദ്ധ മുറകളാണ് ഇപ്പോള്‍ കൂടുതലായും പ്രയോഗിക്കപ്പെടുന്നത്.

മിസൈലുകളും റോക്കറ്റുകളും പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവ രണ്ടും ഒരു കമാന്‍ഡിന് കീഴില്‍ കൊണ്ടുവരുന്നത് ഏകോപനം എളുപ്പമാക്കുമെന്നാണ് കരുതുന്നത്. അഗ്നി, ബ്രഹ്‌മോസ്, പൃഥ്വി, പ്രളയ് തുടങ്ങിയ വിവിധങ്ങളായ മിസൈലുകള്‍ ഇന്ത്യയ്ക്കുണ്ട്.

പരമ്പരാഗത ആയുധങ്ങളും ആണവ പോര്‍മുനകളും വഹിക്കാന്‍ ശേഷിയുള്ള മിസൈലുകളാണിവ. സൂപ്പര്‍ സോണിക്, ഹൈപ്പര്‍ സോണിക് മിസൈലുകള്‍ കൂടുതലായി ഇന്ത്യ വികസിപ്പിക്കുന്നുമുണ്ട്. കൂടാതെ, 120 കിലോ മീറ്റര്‍ ദൂര പരിധിയുള്ള പിനാക ഗൈഡഡ് റോക്കറ്റ് അടുത്തിടെ പരീക്ഷിച്ചിരുന്നു.

ഇറാനിലെ റോക്കറ്റ് മിസൈല്‍ സേനയെപ്പോലെ ശക്തമായൊരു സംവിധാനം വികസിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ശത്രുക്കള്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധം ഭൂഗര്‍ഭ തുരങ്കങ്ങളില്‍ മിസൈലുകള്‍ സൂക്ഷിക്കുന്നതാണ് ഇറാന്റെ രീതി. ആണവ പ്രത്യാക്രമണം നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഏകോപിതമായ ഒരു മിസൈല്‍ സേന അത്യാവശ്യമായി വരും. നിലവില്‍ 180 ലധികം ആണവ പോര്‍മുനകള്‍ കൈവശം വച്ചിരിക്കുന്ന രാജ്യമാണ് ഇന്ത്യ.

മിസൈലുകളുടെ ഗുണനിലവാരത്തിലും പ്രഹര പരിധിയിലും കൃത്യതയിലും പാകിസ്ഥാനെക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ. എങ്കിലും ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ദീര്‍ഘദൂര ആക്രമണ ശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് രാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ സേനാ വിഭാഗം രൂപീകരിക്കുന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.