കലിഫോര്‍ണിയ: ക്രൂ 11 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തി. ഫെബ്രുവരിയില്‍ അവസാനിക്കേണ്ട ദൗത്യം ബഹിരാകാശ യാത്രികരില്‍ ഒരാളുടെ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് വെട്ടിച്ചുരുക്കി സംഘം ഭൂമിയിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.11ന് കലിഫോര്‍ണിയ കടല്‍ തീരത്ത് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തു.
ചികിത്സ ആവശ്യമുള്ള ഒരു യാത്രികനും മറ്റ് മൂന്ന് അംഗങ്ങളുമാണ് മടങ്ങിയെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കി ബഹിരാകാശ യാത്രികര്‍ക്ക് തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടി വരുന്നത്.

അമേരിക്കക്കാരായ സീന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, റഷ്യയില്‍ നിന്നുള്ള ഒലെഗ് പ്ലറ്റോനോവ് ജപ്പാന്‍കാരനായ കിമിയ യുയി എന്നിവരാണ് ക്രൂ 11 ദൗത്യസംഘത്തിലുള്ളത്. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് ഡ്രാഗണ്‍ പേടകത്തിലാണ് ഇവര്‍ മടങ്ങിയത്. ഇതോടെ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യന്‍ സഞ്ചാരികളും മാത്രമാണ് നിലവില്‍ ബഹിരാകാശ നിലയത്തിലുള്ളത്.
ബഹിരാകാശ നിലയത്ത് നിന്ന് പത്തര മണിക്കൂര്‍ സമയമെടുത്താണ് സംഘം ഭൂമിയിലെത്തിയത്. ഓസ്ട്രേലിയയ്ക്ക് മുകളില്‍ വച്ചാണ് നിലയത്തില്‍ നിന്ന് പേടകം വേര്‍പെട്ടത്. 2025 ഓഗസ്റ്റിലാണ് ക്രൂ 11 ദൗത്യസംഘം ബഹിരാകാശ നിലയത്തിലെത്തിയത്. 2026 ഫെബ്രുവരി അവസാനം വരെ ബഹിരാകാശത്ത് തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍, ദൗത്യ സംഘത്തില്‍ ഒരാള്‍ക്ക് വൈദ്യസഹായം ആവശ്യമായി വന്നതോടെയാണ് മടക്കം നേരത്തേയാക്കിയത്. സ്വകാര്യത മാനിച്ച് ദൗത്യ സംഘത്തില്‍ ആര്‍ക്കാണ് വൈദ്യ സഹായം വേണ്ടതെന്നും അസുഖം എന്താണെന്നും നാസ വെളിപ്പെടുത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.