മതവാദിയായ പരമോന്നത നേതാവ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; മിതവാദികളായ മന്ത്രിമാര്‍ പുനസ്ഥാപിച്ചു: താലിബാനില്‍ തമ്മിലടി രൂക്ഷം

മതവാദിയായ പരമോന്നത നേതാവ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; മിതവാദികളായ മന്ത്രിമാര്‍ പുനസ്ഥാപിച്ചു: താലിബാനില്‍ തമ്മിലടി രൂക്ഷം

ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് താലിബാന്‍ നേതാക്കള്‍ക്കിടയിലെ കടുത്ത ഭിന്നത കണ്ടെത്തിയതെന്ന് ബിബിസി.

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. കാണ്ഡഹാറില്‍ നിന്നുള്ള താലിബാന്റെ പരമോന്നത നേതാവ് ഹിബാത്തുള്ള അഖുന്ദ്സാധയും കാബൂള്‍ കേന്ദ്രീകരിച്ചുള്ള പ്രായോഗിക വാദികളും തമ്മിലാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ അഫ്ഗാനിലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കാന്‍ ഹിബാത്തുള്ള ഉത്തരവിട്ടിരുന്നു. ഇതോടെ താലിബാനിലെ ഭിന്നത പുതിയ തലത്തിലേക്ക് നീങ്ങി. പരമോന്നത നേതാവായ ഹിബാത്തുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചപ്പോള്‍ കാബൂള്‍ വിഭാഗം ഇതിനെ എതിര്‍ത്തു. കാബൂളിലെ മന്ത്രിമാര്‍ ഇടപെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു.

ഒരു വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് നേതാക്കള്‍ക്കിടയിലെ കടുത്ത ഭിന്നത സംബന്ധിച്ച കാര്യങ്ങള്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2025 ജനുവരിയില്‍ കാണ്ഡഹാറിലെ ഒരു മദ്രസയില്‍വെച്ച് താലിബാന്‍ അംഗങ്ങള്‍ക്കായി ഹിബാത്തുള്ള നടത്തിയ പ്രസംഗത്തിന്റെ ശബ്ദ രേഖ ചോര്‍ന്നിരുന്നു.

താലിബാന്‍ നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് തുറന്നു പറയുന്നതാണ് ഈ ശബ്ദരേഖ. പരസ്പര ഭിന്നതകളുടെ ഫലമായി എമിറേറ്റ് തകരുകയും അതിന്റെ അന്ത്യം കുറിക്കുമെന്നുമാണ് ഹിബാത്തുള്ള ശബ്ദ രേഖയില്‍ പറയുന്നത്. ഹിബാത്തുള്ളയുടെ ഈ വാക്കുകള്‍ താലിബാനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാണെന്ന് ചൂണ്ടിക്കാണിക്കുന്നതാണെന്നാണ് ബിബിസി വ്യക്തമാക്കുന്നു.

കാണ്ഡഹാറില്‍ നിന്നുള്ള താലിബാന്‍ നേതാവായ ഹിബാത്തുള്ളയുടെ നേതൃത്വത്തിലുള്ളവരെയും ഇദേഹത്തെ പിന്തുണക്കുന്നവരെയും കാണ്ഡഹാര്‍ വിഭാഗമെന്നാണ് വിശേഷിപ്പിക്കുന്നത്. കര്‍ശനമായ നിയമങ്ങള്‍ പിന്തുടരുന്ന, മതരാഷ്ട്രമെന്ന ആശയം മുന്നോട്ടു വെയ്ക്കുന്ന വിഭാഗമാണിത്.

ആധുനിക ലോകത്തു നിന്നകന്ന് ഒറ്റപ്പെട്ട് കഴിയാന്‍ ആഗ്രഹിക്കുന്നവരാണിവര്‍. പ്രധാനമന്ത്രി മുഹമ്മദ് ഹസന്‍ അഖുന്ദ്, ചീഫ് ജസ്റ്റിസ് അബ്ദുള്‍ ഹക്കീം ഹഖാനി, ഉന്നത വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം എന്നിവരെല്ലാം കാണ്ഡഹാര്‍ വിഭാഗം നേതാക്കളാണ്.

അതേസമയം അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ കേന്ദ്രീകരിച്ചുള്ള താലിബാന്‍ നേതാക്കള്‍ ഇവരില്‍ നിന്ന് വ്യത്യസ്തരാണ്. ഉപപ്രധാനമന്ത്രി അബ്ദുള്‍ ഖനി ബരദാര്‍, മന്ത്രിമാരായ സിറാജുദ്ദീന്‍ ഹഖാനി, മുഹമ്മദ് യാക്കൂബ് മുജാഹിദ് തുടങ്ങിയവരാണ് ഈ വിഭാഗത്തിലുള്ളത്.

കൂടുതല്‍ പ്രായോഗികമായ സമീപനം വേണമെന്ന് ആഗ്രഹിക്കുന്നവരാണിവര്‍. മതനിയമങ്ങളും മറ്റും കര്‍ശനമായി പിന്തുടരുമ്പോള്‍ തന്നെ പുറം ലോകവുമായുള്ള സഹകരണം, രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയെയും ഇവര്‍ അനുകൂലിക്കുന്നു.

ഇസ്ലാമിക നിയമങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമാണ് ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും എന്ന് കരുതുന്നയാളാണ് ഹിബാത്തുള്ള. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, കാബൂള്‍ വിഭാഗം ഇന്റര്‍നെറ്റ് അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകളെ അനുകൂലിക്കുന്നു. ആധുനികകാലത്ത് ഒരു രാജ്യത്തിന് ഇന്റര്‍നെറ്റ് ഇല്ലാതെ നിലനില്‍ക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.

ഇതേ തുടര്‍ന്നാണ് പരമോന്നത നേതാവിന്റെ ഉത്തരവിനെ വെല്ലുവിളിച്ച് കാബൂള്‍ മന്ത്രിമാര്‍ ഇടപെട്ട് ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനൊപ്പം കാണ്ഡഹാര്‍ വിഭാഗത്തില്‍ അധികാരം കേന്ദ്രീകരിക്കുന്നതും മറുവിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായെന്നും പറയുന്നു. എന്നാല്‍ ആഭ്യന്തര തര്‍ക്കവും ഭിന്നതയും രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകളെല്ലാം താലിബാന്‍ നിഷേധിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.