വിദ്വേഷ പ്രസംഗ ബിൽ: ഓസ്‌ട്രേലിയയിൽ വൻ പ്രതിഷേധം; ആശങ്ക പങ്കിട്ട് ക്രിസ്ത്യൻ-മുസ്ലീം മതനേതാക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചു

വിദ്വേഷ പ്രസംഗ ബിൽ: ഓസ്‌ട്രേലിയയിൽ വൻ പ്രതിഷേധം; ആശങ്ക പങ്കിട്ട് ക്രിസ്ത്യൻ-മുസ്ലീം മതനേതാക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചു

സിഡ്‌നി: ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന വിവാദമായ 'വിദ്വേഷ പ്രസംഗ നിരോധന ബില്ലിനെതിരെ' രാജ്യത്തെ മതനേതാക്കൾ ഒറ്റക്കെട്ടായി രംഗത്ത്. മത സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്നതാണ് പുതിയ നിയമമെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ ഇസ്‌ലാം മതവിഭാഗങ്ങളുടെ തലവന്മാർ പ്രധാനമന്ത്രി ആന്റണി ആൽബനീസിന് കത്തയച്ചു.

സിഡ്‌നിയിലെ ആംഗ്ലിക്കൻ, കത്തോലിക്കാ സഭാ ബിഷപ്പുമാരും ഓസ്‌ട്രേലിയൻ നാഷണൽ ഇമാമ്‌സ് കൗൺസിൽ തലവനും ഉൾപ്പെടുന്ന നിവേദക സംഘമാണ് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകിയത്.

9/11 ഭീകരാക്രമണത്തിന് ശേഷം ഓസ്‌ട്രേലിയൻ നിയമവ്യവസ്ഥയിൽ കൊണ്ടുവരുന്ന ഏറ്റവും വലിയ മാറ്റമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇത്രയും ഗൗരവകരമായ ഒരു നിയമം മതിയായ ചർച്ചകളില്ലാതെ തിടുക്കത്തിൽ നടപ്പിലാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മതനേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

ആംഗ്ലിക്കൻ, കാത്തോലിക് സഭകളിലെ ബിഷപ്പുമാരും ഓസ്‌ട്രേലിയൻ നാഷണൽ ഇമാമ്‌സ് കൗൺസിൽ തലവനും ഉൾപ്പെടെയുള്ളവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്. ബിൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ സാവകാശം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

യഹൂദ വിരുദ്ധതയും വംശീയ-മത വിദ്വേഷങ്ങളും തടയേണ്ടത് അനിവാര്യമാണെന്ന് അംഗീകരിക്കുമ്പോഴും നിലവിലെ ബില്ലിലെ വ്യവസ്ഥകൾ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാകുമോ എന്ന ആശങ്കയാണ് ഇവർ പ്രധാനമായും പങ്കുവെക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.