പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര്‍ക്കും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഭരണ സമിതിക്കും കുരുക്ക് മുറുക്കി ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്.
വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് ദേവസ്വം ഉത്തരവ്. 2012 ലാണ് ബോര്‍ഡ് കമ്മീഷണര്‍ ഈ ഉത്തരവിറക്കിയത്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോര്‍ഡ് തീരുമാനം.
ഈ ഉത്തരവ് നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ ബോര്‍ഡ് വാജിവാഹനം തന്ത്രിക്ക് നല്‍കിയത്. ഉത്തരവ് യുഡിഎഫ് ഭരണ സമിതിക്കും കുരുക്കായി മാറും. 2017 ലാണ് വാജിവാഹനം തന്ത്രിക്ക് നല്‍കിയത്.
പൂജയുടെ ഭാഗമായി ഏതെങ്കിലും സാധനങ്ങള്‍ മാറ്റേണ്ട സാഹചര്യം വരികയാണെങ്കില്‍ അത് ദേവസ്വത്തിന്റെ സ്വത്ത് തന്നെയാണെന്നും അത് ആര്‍ക്കും കൊണ്ടുപോവാന്‍ അവകാശമില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവ് പ്രകാരം പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് അന്വേഷണത്തിന്റെ പരിധിയില്‍ വരും.
2012 ല്‍ തന്നെ ഇതിന്റെ സര്‍ക്കുലര്‍ എല്ലാ ഓഫീസുകളിലേക്കും എത്തിയിട്ടുണ്ട്. ഇത് ശബരിമലയില്‍ മാത്രമല്ല, തിരുവിതാംകൂര്‍ ബോര്‍ഡുകളിലെ എല്ലാ ക്ഷേത്രങ്ങളേയും ബാധിക്കുന്ന കാര്യമാണ്. ക്ഷേത്രങ്ങളില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ മാറ്റി വെക്കുമ്പോള്‍ അത് പുറത്തേക്ക് കൊണ്ടുപോവാനാവില്ലെന്നും പൊതു സ്വത്തായി കാണണമെന്നുമാണ് ഉത്തരവിലുള്ളത്.
അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഎം പ്രതിനിധിയുമായ എന്‍. വിജയകുമാറിനെ ഇന്ന് വിജിലന്‍സ് കോടതി ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നടപടി.
കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ വാങ്ങിയത്. എ. പത്മകുമാര്‍ നേതൃത്വം നല്‍കിയ ബോര്‍ഡിലെ സിപിഎം നോമിനി ആയിരുന്നു വിജയകുമാര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.