ചിക്കാഗോ: സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ൽ നടക്കുന്ന രൂപതാ കൺവെൻഷന്റെ പ്രചാരണാർത്ഥമുള്ള 'കിക്കോഫ്' വെർജീനിയ സെന്റ് ജൂഡ് ദേവാലയത്തിൽ നടന്നു. ജനുവരി 11ന് നടന്ന ചടങ്ങിൽ ഇടവകാംഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
കൺവെൻഷൻ ജോയിന്റ് കൺവീനർ ഫാ. യൂജിൻ ജോസഫ്, രജിസ്‌ട്രേഷൻ കോർഡിനേറ്റർ ജേക്കബ് തോമസ് എന്നിവർക്ക് വികാരി ഫാ. ലിഗോറി ഫിലിപ്പ്സ് കട്ടിക്കാരന്റെ നേതൃത്വത്തിൽ ഇടവക സ്വീകരണം നൽകി. കൺവെൻഷൻ പ്രതിനിധി റോണി തോമസ്, കൈക്കാരന്മാരായ ആന്റണി അന്തനാട്ട്, ആന്റണി പവ്വത്തിൽ, ജോസ് പുഞ്ചയിൽ, ജെയ്‌സൻ പോൾ എന്നിവർ കിക്കോഫ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫാ. ടിനു പനച്ചിക്കലും ചടങ്ങിൽ സന്നിഹിതനായിരുന്നു.
രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ആഘോഷിക്കുന്നുവെന്നത് ഈ കൺവെൻഷന്റെ പ്രത്യേകതയാണ്. 2026 ജൂലൈ ഒമ്പത് മുതൽ 12 വരെ ചിക്കാഗോ നഗരഹൃദയത്തിലെ പ്രശസ്തമായ മക്കോർമിക് പ്ലേസിലാണ് കൺവെൻഷൻ നടക്കുന്നത്.
വിശ്വാസ സംരക്ഷണത്തിനും സൗഹൃദ കൂട്ടായ്മകൾക്കും ഊന്നൽ നൽകിക്കൊണ്ടാണ് കൺവെൻഷൻ വിഭാവനം ചെയ്തിരിക്കുന്നത്. ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയ്ക്ക് പുറമെ വൈവിധ്യമാർന്ന വിഷയാവതരണങ്ങൾ, സംഘടനാ കൂട്ടായ്മകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും ഉണ്ടായിരിക്കും. യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന സെഷനുകൾ (Tracks) കൺവെൻഷന്റെ മറ്റൊരു സവിശേഷതയാണ്.
വെർജീനിയ പള്ളിയിലെ വൈദികരുടെയും ഇടവകാംഗങ്ങളുടെയും സഹകരണത്തിന് കൺവെൻഷൻ ടീം നന്ദി അറിയിച്ചു. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ഈ ആത്മീയ സംഗമത്തിൽ പങ്കുചേരാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.