കൊച്ചി: സിനഡ് നടക്കുന്ന സീറോ മലബാര്‍ സഭാ ആസ്ഥാനത്തേക്ക് സ്വകാര്യ വാഹനത്തില്‍ പോയത് തന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയറിലെ കാറ്റ് പോയതിനാലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
ടയറിന്റെ കാറ്റ് പോയതിനാല്‍ കാക്കനാട്ടെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി പാര്‍ക്ക് ചെയ്തതിന് ശേഷം വേറെ വണ്ടിയെടുത്താണ് താന്‍ പോയതെന്നും പരസ്യമായിട്ടായിരുന്നു സന്ദര്‍ശനമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഭാ ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ളവരെ അദേഹം കണ്ടു. സഭയുടെ സിനഡ് നടക്കുന്നതിനിടെ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിലായായിരുന്നു പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച.
ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം അത്താഴ വിരുന്നിലും പങ്കെടുത്തതാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്. പൊലീസിന്റെ പൈലറ്റ് വാഹനവും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനവും ഒഴിവാക്കിയായിരുന്നു സന്ദര്‍ശനം. പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്കെന്ന ചര്‍ച്ച ശക്തമായത്. എന്നാല്‍ തങ്ങള്‍ എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കുകയും ചെയ്തു.
അതേസമയം മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തോട് പ്രതിപക്ഷ നേതാവ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും മന്ത്രി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവനയാണെന്നും വര്‍ഗീയത ആളിക്കത്തിക്കുന്നത് തലമുറകളോടുള്ള ക്രൂരതയാണെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം ബാലനും ഇപ്പോള്‍ സജി ചെറിയാനും വിവാദ പ്രസ്താവനകള്‍ പറയുന്നു. ആപത്കരമായ ഈ പ്രസ്താവനകള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് പറയുന്നത്. ഇത് കേരളത്തെ അപകടകരമായ അവസ്ഥയില്‍ എത്തിക്കും. കേരളത്തിന്റെ അടിത്തറക്ക് തീ കൊളുത്തുന്ന രീതിയാണ്.
സതീശനും പിണറായിയും നാളെ ഓര്‍മയാകും. എന്നാല്‍ കേരളം ബാക്കിയുണ്ടാകണം. തീപ്പൊരി വീഴാന്‍ കാത്തിരിക്കുന്നവര്‍ക്ക് തീക്കൊള്ളി നല്‍കുന്ന നിലപാടാണ് സിപിഎമ്മിന്റേത്. ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും തന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളാനും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.