'ഗ്രീന്‍ലന്‍ഡ് ഞങ്ങളുടെ പ്രദേശം': സൈനിക ശക്തി ഉപയോഗിച്ച് ഏറ്റെടുക്കില്ലെന്ന് ട്രംപ്

'ഗ്രീന്‍ലന്‍ഡ് ഞങ്ങളുടെ പ്രദേശം': സൈനിക ശക്തി ഉപയോഗിച്ച് ഏറ്റെടുക്കില്ലെന്ന് ട്രംപ്

ദാവോസ്: ഗീന്‍ലന്‍ഡ് പിടിച്ചെടുക്കാന്‍ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലന്‍ഡ് അമേരിക്കയ്ക്ക് കൈമാറുന്നതിന് ഡെന്‍മാര്‍ക്ക് ഉടനടി ചര്‍ച്ചകള്‍ നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്.

'ഈ സുരക്ഷിതമല്ലാത്ത വലിയ ദ്വീപ് യഥാര്‍ത്ഥത്തില്‍ വടക്കേ അമേരിക്കയുടെ ഭാഗമാണ്. അത് ഞങ്ങളുടെ പ്രദേശമാണ്'- ട്രംപ് പറഞ്ഞു.
എന്നാല്‍ ആ കാരണംകൊണ്ടല്ല ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കുമെന്ന് പറയുന്നതെന്നും ദേശീയ സുരക്ഷയ്ക്ക് അനിവാര്യമായതുകൊണ്ടാണെന്നും ട്രംപ് വ്യക്തമാക്കി.

മാത്രമല്ല രണ്ടാം ലോകമഹായുദ്ധ സമയത്ത് അമേരിക്ക ആര്‍ട്ടിക് ദ്വീപിന് നല്‍കിയ സംരക്ഷണത്തിന് ഡെന്‍മാര്‍ക്ക് നന്ദികാട്ടുന്നില്ലെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കായി ദ്വീപിനെ കൈവശം വെക്കേണ്ടതിന്റെ ആവശ്യകതയും ട്രംപ് ആവര്‍ത്തിച്ചു.

ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുന്നത് നാറ്റോയ്ക്ക് തിരിച്ചടിയാകുമെന്ന വാദങ്ങളേയും ട്രംപ് തള്ളിക്കളഞ്ഞു. തങ്ങള്‍ വളരെയധികം സംഭാവന നല്‍കുന്നു. പകരം വളരെ കുറഞ്ഞ കാര്യങ്ങളെ ലഭിക്കുന്നുള്ളൂ. താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ നാറ്റോ ഉണ്ടാകുമായിരുന്നില്ലെന്നും തങ്ങള്‍ ചെയ്യുന്നത് അവര്‍ വിലമതിക്കുന്നില്ലെന്നും അദേഹം പറഞ്ഞു. നാറ്റോയേയും യൂറോപ്പിനെയുമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

താന്‍ യൂറോപ്പിനെ സ്നേഹിക്കുന്നു. യൂറോപ്പ് നന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ അത് ശരിയായ ദിശയിലല്ല പോകുന്നത്. യൂറോപ്പിന്റെ പതനത്തിന് കാരണമായത് ഗ്രീന്‍ എനര്‍ജിയുടെ ഉപയോഗമാണെന്നും പ്രത്യേകിച്ച് കാറ്റാടി യന്ത്രങ്ങളാണെന്നും ട്രംപ് കുറ്റപ്പെടുത്തി. യൂറോപ്പിനെ കണ്ടിട്ട് തിരിച്ചറിയാനേ സാധിക്കുന്നില്ല. എല്ലായിടത്തും കാറ്റാടിയന്ത്രങ്ങളാണെന്നും ട്രംപ് പരാതിപ്പെട്ടു. തന്റെ നയങ്ങള്‍ അമേരിക്കയില്‍ ഒരു സാമ്പത്തിക അത്ഭുതം സൃഷ്ടിച്ചതായും അദേഹം അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.