കാൻബറ: വിദ്വേഷ പ്രചാരണം തടയുന്നതിനുള്ള ബിൽ ഓസ്‌ട്രേലിയൻ പാർലമെന്റിൽ പാസായതിന് പിന്നാലെ പ്രതിപക്ഷ സഖ്യത്തിൽ വൻ വിള്ളൽ. ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത നാഷണൽസ് പാർട്ടിയുടെ മൂന്ന് സെനറ്റർമാർ ഷാഡോ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. ബ്രിഡ്‌ജെറ്റ് മക്കൻസി, സൂസൻ മക്‌ഡൊണാൾഡ്, റോസ് കാഡെൽ എന്നിവരാണ് രാജിവെച്ചത്.
കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ ലിബറൽ പാർട്ടിയുടെ പിന്തുണയോടെയാണ് വിദ്വേഷ വിരുദ്ധ ബിൽ സെനറ്റ് പാസാക്കിയത്. എന്നാൽ ലിബറലിന്റെ സഖ്യകക്ഷിയായ നാഷണൽസ് ബില്ലിനെ എതിർത്തു. ഇതാണ് രാജിയിലേക്ക് നയിച്ചത്. ജനപ്രതിനിധി സഭയിൽ നാഷണൽസ് നേതാവ് ഡേവിഡ് ലിറ്റിൽ പ്രൗഡ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.
വിദ്വേഷ പ്രചാരണ ബില്ലിനൊപ്പം തോക്ക് നിയന്ത്രണം ശക്തമാക്കുന്നതിനുള്ള ബില്ലും പാർലമെന്റ് പാസാക്കി. ഗ്രീൻസ് പാർട്ടിയുടെ പിന്തുണയോടെയാണ് ഇത് നടപ്പിലാക്കിയത്. തോക്ക് നിയന്ത്രണം കർഷകരെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ലിബറലും നാഷണൽസും ഇതിനെ ശക്തമായി എതിർത്തിരുന്നു.
എന്നാൽ നിയമാനുസൃതം തോക്ക് കൈവശം വയ്ക്കുന്നവരെ നിയമം ബാധിക്കില്ലെന്നും ലൈസൻസ് ഓസ്‌ട്രേലിയക്കാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.