ജറുസലേം: ഗാസയുടെ പുനരുദ്ധാരണത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവിഷ്‌കരിച്ച ബോര്‍ഡ് ഓഫ് പീസ് ഉടമ്പടിയില്‍ പാകിസ്ഥാന്‍ ചേരുന്നതില്‍ അതൃപ്തി അറിയിച്ച് ഇസ്രയേല്‍. ഇരുപതോളം രാജ്യങ്ങള്‍ ഒപ്പിട്ട ഉടമ്പടിയില്‍ പാകിസ്ഥാന്‍ അംഗമാവുന്നതിനെയാണ് ഇസ്രയേല്‍ എതിര്‍ക്കുന്നത്. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍വെച്ചാണ് രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പ് വെച്ചത്.
പാകിസ്ഥാന് വേണ്ടി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്. എന്നാല്‍ ഗാസയുടെ പുനരുദ്ധാരണത്തിലോ സമാധാനസേനയിലോ പാകിസ്ഥാന് പങ്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. തീവ്രവാദത്തെ പിന്തുണച്ച ഒരു രാജ്യത്തെയും ഗാസയിലേക്ക് സ്വീകരിക്കില്ലെന്നും അതില്‍ പാകിസ്ഥാനും ഉള്‍പ്പെടുമെന്ന് ഇസ്രയേല്‍ ധനമന്ത്രി നിര്‍ ബര്‍ക്കത്ത് വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ പദ്ധതിയില്‍ ചേര്‍ന്നത് സംബന്ധിച്ച് പാകിസ്ഥാനില്‍ വന്‍ വിമര്‍ശനവും ഉയരുന്നുണ്ട്. അതിനിടയിലാണ് ഇസ്രയേലിന്റെ എതിര്‍പ്പുകൂടി വരുന്നത്. പാലസ്തീന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ട്രംപിന്റെ പദ്ധതിയെന്നാണ് പാക് തീവ്രവിഭാഗങ്ങള്‍ കരുതുന്നത്.
അതേസമയം ബോര്‍ഡ് ഓഫ് പീസ് പദ്ധതിയെ അനുകൂലിച്ച ഇസ്രയേല്‍ ധനമന്ത്രി ഐക്യരാഷ്ട്ര സഭയേക്കാള്‍ ഇത് നല്ലതാണെന്നു പ്രശംസിച്ചു. ഖത്തറിനെയും തുര്‍ക്കിയെയും അംഗീകരിക്കാത്തതുപോലെ പാകിസ്ഥാനെയും തങ്ങള്‍ അംഗീകരിക്കില്ല. ഗാസയിലെ തീവ്രവാദ സംഘടനയെ അവര്‍ പിന്തുണച്ചിട്ടുണ്ട്. അതിനാല്‍ അവരെ വിശ്വസിക്കില്ലെന്ന് നിര്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ 20 ഇന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാസ സംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോര്‍ഡ് ഓഫ് പീസ് ആവിഷ്‌കരിച്ചത്. ഗാസയ്ക്ക് പുറത്തും ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ അന്താരാഷ്ട്ര സംവിധാനമായി ബോര്‍ഡ് വര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം പല രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയെ മറികടക്കുന്നതിനുള്ള നീക്കമായാണ് ഇതിനെ കാണുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.