'മദര്‍ ഓഫ് ഡീല്‍സ്': ക്യാന്‍സര്‍ മരുന്നുകള്‍ക്കും ലക്ഷ്വറി കാറുകള്‍ക്കും വില കുറയും; നിര്‍മാണ മേഖലയില്‍ കുതിപ്പുണ്ടാകും

'മദര്‍ ഓഫ് ഡീല്‍സ്': ക്യാന്‍സര്‍ മരുന്നുകള്‍ക്കും ലക്ഷ്വറി കാറുകള്‍ക്കും വില കുറയും; നിര്‍മാണ മേഖലയില്‍ കുതിപ്പുണ്ടാകും

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചതോടെ രാജ്യത്തെ വിപണികളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. 18 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് വ്യാപാര കരാറുകളുടെ മാതാവ് എന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലിയന്‍ വിശേഷിപ്പിച്ച ഈ സുപ്രധാന ഉടമ്പടി യാഥാര്‍ത്ഥ്യമാകുന്നത്.

കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ യൂറോപ്യന്‍ വിപണികള്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കായി വാതില്‍ തുറക്കുന്നതിനൊപ്പം വിദേശ ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വില കുറയുകയും ചെയ്യും.

വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം അതീവ സന്തോഷകരമായ വാര്‍ത്തയാണ് ഈ കരാര്‍ മുന്നോട്ടു വെക്കുന്നത്. മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ ആഡംബര കാറുകളുടെ ഇറക്കുമതി തീരുവയില്‍ വന്‍ കുറവുണ്ടാകും. നിലവില്‍ 100 ശതമാനത്തിലധികം നികുതി ചുമത്തുന്ന 15,000 യൂറോയ്ക്ക് (ഏകദേശം 16 ലക്ഷം രൂപ) മുകളില്‍ വിലയുള്ള കാറുകള്‍ക്ക് ഇനി മുതല്‍ 40 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും.

വരും വര്‍ഷങ്ങളില്‍ ഇത് 10 ശതമാനമായി കുറയ്ക്കാനും തീരുമാനമുണ്ട്. ഇതോടെ ആഡംബര കാറുകള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ വിലക്കുറവ് ലഭിക്കും. എന്നാല്‍ ഇന്ത്യന്‍ വാഹന വിപണിയെ സംരക്ഷിക്കുന്നതിനായി 25 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുകിട കാര്‍ വിപണിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് നേരിട്ട് കയറ്റുമതി നടത്തില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ വൈനുകള്‍ക്ക് വില ഗണ്യമായി കുറയും. എങ്കിലും ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാന്‍ അഞ്ച് മുതല്‍ 10 വര്‍ഷം കൊണ്ടായിരിക്കും ഈ മാറ്റങ്ങള്‍ നടപ്പിലാക്കുക. 2.5 യൂറോയില്‍ താഴെ വിലയുള്ള വൈനുകള്‍ക്ക് നികുതി ഇളവ് ലഭിക്കില്ല.

ആരോഗ്യ മേഖലയിലും കരാര്‍ ആശ്വാസകരമാണ്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വില കുറയും. കൂടാതെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ക്ക് 27 യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയില്‍ പ്രവേശനം ലഭിക്കുകയും ചെയ്യും.

ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഫോണ്‍ നിര്‍മാണ മേഖലകളിലും അനുകൂലമായ മാറ്റങ്ങളുണ്ടാകും. വിദേശ സ്‌പെയര്‍ പാര്‍ട്‌സുകളുടെ നികുതി ഒഴിവാക്കുന്നതോടെ ഗാഡ്ജെറ്റുകളുടെ നിര്‍മാണ ചെലവ് കുറയുകയും ഉപയോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഇവ ലഭ്യമാകുകയും ചെയ്യും.

നിര്‍മാണ മേഖലയെ സംബന്ധിച്ചിടത്തോളം ഇരുമ്പ്, ഉരുക്ക്, രാസവസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി തീരുവ പൂജ്യമായി കുറയ്ക്കാനുള്ള നിര്‍ദേശം ആശ്വാസകരമാണ്. ഇത് അസംസ്‌കൃത വസ്തുക്കളുടെ വില കുറയ്ക്കുകയും സാധാരണക്കാരായ വീട് നിര്‍മാതാക്കള്‍ക്ക് ഗുണകരമാവുകയും ചെയ്യും.

വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ നേട്ടം കൊയ്യാന്‍ ഈ കരാര്‍ വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.