'ഞാനൊരു വിദേശ ഇന്ത്യന്‍ പൗരന്‍'; സ്വതന്ത്ര വ്യാപാര കരാര്‍ വേദിയില്‍ ഒസിഐ കാര്‍ഡ് പുറത്തെടുത്ത് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കോസ്റ്റ

'ഞാനൊരു വിദേശ ഇന്ത്യന്‍ പൗരന്‍'; സ്വതന്ത്ര വ്യാപാര കരാര്‍ വേദിയില്‍ ഒസിഐ കാര്‍ഡ് പുറത്തെടുത്ത് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കോസ്റ്റ

ന്യൂഡല്‍ഹി: താനും ഒരു വിദേശ ഇന്ത്യന്‍ പൗരനാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റും മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയുമായ അന്റോണിയോ ലൂയിസ് സാന്റോസ് ഡ കോസ്റ്റ. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര കരാറില്‍ ഒപ്പുവച്ചകൊണ്ടുള്ള ചര്‍ച്ചകള്‍ക്കിടെയാണ് അദേഹം തന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് പുറത്ത് കാണിച്ചത്.

2017 ല്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് കോസ്റ്റയ്ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് സമ്മാനിച്ചത്. സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച ഘട്ടത്തിലായിരുന്നു കോസ്റ്റ അപ്രതീക്ഷിതമായി ഒസിഐ കാര്‍ഡ് പുറത്തെടുത്ത് തന്റെ ഗോവന്‍ വേരുകളെക്കുറിച്ച് സംസാരിച്ചത്.

താന്‍ യൂറോപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റാണ്. പക്ഷേ ഒരു വിദേശ ഇന്ത്യന്‍ പൗരനുമാണ്. തന്റെ പിതാവിന്റെ കുടുംബം വന്നത് ഗോവയില്‍ നിന്നാണ്. തന്റെ ഗോവയിലുള്ള വേരുകളില്‍ അഭിമാനിക്കുന്നു. യൂറോപ്പും ഇന്ത്യയും തമ്മിലുള്ള ബന്ധം തനിക്ക് വ്യക്തിപരമായ ഒന്നാണെന്നും അദേഹം പറഞ്ഞു.

നമ്മുടെ ഉച്ചകോടി ലോകത്തിന് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ നമ്മുടെ പൗരന്മാര്‍ക്ക് മികച്ച നേട്ടങ്ങള്‍ നല്‍കുന്നതിനും സമാധാനവും സ്ഥിരതയും സാമ്പത്തിക വളര്‍ച്ചയും സുസ്ഥിര വികസനം അടിസ്ഥാനമാക്കിയുള്ള പ്രതിരോധ ശേഷി രൂപപ്പെടുത്തുന്നതിനും തങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും കോസ്റ്റ കൂട്ടിച്ചേര്‍ത്തു.

കോസ്റ്റയുടെ കുടുംബം ഗോവയില്‍ നിന്നുള്ളവരായിരുന്നു. മുന്‍ പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഗോവയിലാണ് കോസ്റ്റയുടെ മുത്തച്ഛന്‍ ജനിച്ചതും ജീവിതത്തിന്റെ ഭൂരിഭാഗം കാലം താമസിച്ചതും. മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി കൂടിയായ കോസ്റ്റ ഇപ്പോഴും 'ബാബുഷ്' എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. കൊങ്കണി ഭാഷയിലുള്ളതാണ് ആ വാക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.