തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചു. ഡിഎ, ഡിആര്‍ കുടിശിക പൂര്‍ണമായും നല്‍കും. ആദ്യ ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പവും ബാക്കി മാര്‍ച്ച് മാസത്തെ ശമ്പളത്തിനൊപ്പവും നല്‍കും.
ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പിന്നാലെ ശമ്പള പരിഷ്‌കരണം സമയ ബന്ധിതമായി നടപ്പാക്കും. അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ മുതല്‍ നല്‍കും.'
വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എം.സി റോഡ് വികസനത്തിന് 5917 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുതിയ ഐടി നയം ഉടന്‍ പ്രഖ്യാപിക്കും. വയോജന ക്ഷേമത്തിന് എല്‍ഡേര്‍ലി ബജറ്റും പ്രഖ്യാപിച്ചു.
കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും നികുതി വരുമാനം വെട്ടിക്കുറക്കുകയാണെന്നും ബജറ്റവതരണ വേളയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചു. കടുത്ത അവഗണനിക്കിടെയും കേരളം വളര്‍ന്നുവെന്നും ധനമന്ത്രി പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചത്.
പിന്നാക്ക വിഭാഗ വികസനത്തിന് 200.94 കോടി, പിന്നാക്ക വിഭാഗങ്ങളിലെ വിധവകളുടെ സ്വയം തൊഴിലിന് മൂന്ന് കോടി, ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമത്തിനായി 94.69 കോടി, ന്യൂനപക്ഷ വിഭാഗത്തിന് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നാല് കോടി എന്നിവയും പ്രഖ്യാപിച്ചു.
അംഗണവാടികളില്‍ മുട്ടയും പാലും എല്ലാ ദിവസവും ഉറപ്പാക്കാന്‍ 80.90 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലും കാക്കനാട് ഇന്‍ഫോ പാര്‍ക്കിലും ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷ ഒരുക്കുന്നതിന് പുതിയ പദ്ധതി അവതരിപ്പിക്കും. ഇതിനായി അഞ്ച് കോടി അനുവദിക്കും.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി, തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്കായി 950.89 കോടി. എം.എന്‍ ലക്ഷം വീട് പദ്ധതിക്ക് പത്ത് കോടി. തളിപ്പറമ്പില്‍ മൃഗശാലയ്ക്കായി നാല് കോടി അനുവദിച്ചു. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് 57.03 കോടി. വിദ്യാവാഹിനിക്ക് 30 കോടി.
ജയിലുകളുടെ നവീകരണത്തിന് 47 കോടി. ലോക കേരള സഭയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 7.3 കോടി അനുവദിച്ചു. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. സൗരോര്‍ജം സംഭരിച്ച് വിതരണം ചെയ്യാന്‍ പഞ്ചായത്തുകള്‍ തോറും പദ്ധതി നടപ്പിലാക്കും.
കലാ സാംസ്‌കാരിക ബഡ്ജറ്റ് വിഹിതം 30 ശതമാനം ഉയര്‍ത്തി, എം.ടി മെമ്മോറിയല്‍ സാംസ്‌കാരിക കേന്ദ്രത്തിന് ഒന്നരക്കോടി രൂപ കൂടി നല്‍കും. ചലച്ചിത്ര അക്കാഡമിയുടെ പ്രവര്‍ത്തനത്തിന് 16 കോടി, വനിതാ സംവിധായകര്‍ക്ക് ഫീച്ചര്‍ സിനിമ ഒരുക്കാന്‍ ഏഴ് കോടി. തോപ്പില്‍ ഭാസി, പി.ജെ ആന്റണി , കെ.ടി. മുഹമ്മദ് എന്നിവരെ ആദരിക്കാന്‍ സ്ഥിരം നാടക തിയേറ്ററുകള്‍ സംഘടിപ്പിക്കും.
ധര്‍മടം റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് അഞ്ച് കോടി, ബ്രണ്ണന്‍ കോളജിലെ കായിക വികസനത്തിന് രണ്ട് കോടി. സ്‌കോളര്‍ഷിപ്പ് ഫെലോഷിപ്പ് പദ്ധതിക്കായി 38.76 കോടി, പത്രപ്രവര്‍ത്തക പെന്‍ഷന്‍ 1500 രൂപ വര്‍ധിപ്പിച്ചു. പൊതു വിദ്യാഭ്യാസത്തിന് 1128 കോടി, ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266. 66 കോടി രൂപയും അനുവദിച്ചു.
ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 13 കോടി, ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവന്‍സ് ആയിരം രൂപ വര്‍ധിപ്പിച്ചു. പഞ്ചായത്ത് തല സ്‌കില്‍ കേന്ദ്രങ്ങള്‍ക്ക് 20 കോടി, യുവജന ക്ലബുകള്‍ക്ക് 10,000 രൂപ സഹായം. വന്യജീവി ആക്രമണം നേരിടാന്‍ 100 കോടി രൂപ അധികം അനുവദിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ വിഹിതം 30 കോടിയായി വര്‍ധിപ്പിച്ചു. പമ്പാ നദി മാലിന്യ മുക്തമാക്കാന്‍ 30 കോടി.
കടല്‍ സുരക്ഷ പദ്ധതിക്കായി മൂന്ന് കോടി. കേരള ചിക്കന്‍ പദ്ധതി വ്യാപിപ്പിക്കും. ക്ഷീര വികസനത്തിനായി 128.05 കോടി, പാലിന്റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ലബോറട്ടറികള്‍ക്കായി എട്ട് കോടി ബജറ്റില്‍ വകയിരുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.