കോംഗോയിൽ കത്തോലിക്ക വൈദികന് നേരെ ക്രൂരമർദനം; കൊള്ളയടിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു

കോംഗോയിൽ കത്തോലിക്ക വൈദികന് നേരെ ക്രൂരമർദനം; കൊള്ളയടിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കത്തോലിക്ക വൈദികനെ സായുധ സംഘം ക്രൂരമായി ആക്രമിച്ചു. എംബുജിമായി രൂപതയിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഇടവക വികാരി ഫാ. ജീൻ-റിച്ചാർഡ് ഇലുങ്കയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മർദനമേറ്റ വൈദികനെ അക്രമികൾ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.

ജനുവരി 24 നായിരുന്നു സംഭവം. തന്റെ ഇടവക പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സംഭാവന ശേഖരിക്കാൻ പോയതായിരുന്നു ഫാ. ഇലുങ്ക. ബെന എംബുയി - കലംബായ് ഹൈവേയിൽ വെച്ച് തടഞ്ഞുനിർത്തിയ സായുധരായ അക്രമികൾ അദേഹത്തെ ക്രൂരമായി മർദിച്ചു. വൈദികന്റെ മോട്ടോർ സൈക്കിൾ, ബാഗ്, മൊബൈൽ ഫോൺ, കൈവശമുണ്ടായിരുന്ന പണം എന്നിവ ഇവർ കവർന്നു.

അവശനായി വഴിയിൽ കിടന്ന വൈദികനെ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ കബിംബയിലെ സെന്റ് ആൽബർട്ട് ഇടവകയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി എംബുജിമായിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

വൈദികർ ദൈവത്തിന്റെ ദാസന്മാരാണെന്നും അവരുടെ ജീവനും അന്തസ്സിനും ബഹുമാനം നൽകണമെന്നും എംബുജിമായി രൂപത പ്രസ്താവനയിൽ അറിയിച്ചു. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്ന് രൂപത ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കസായി ഓറിയന്റൽ ഗവർണർ ജീൻ-പോൾ എംബ്‌വെബ്‌വ കപോ അക്രമത്തെ ശക്തമായി അപലപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.