ഹ്യൂ: ലോകമെമ്പാടും പൗരോഹിത്യ-സന്യാസ ദൈവവിളികളിൽ വലിയ കുറവ് അനുഭവപ്പെടുമ്പോൾ പ്രതീക്ഷയുടെ വെളിച്ചമായി മാറുകയാണ് വിയറ്റ്നാമിലെ കത്തോലിക്കാ സഭ. പൗരോഹിത്യ സ്വീകരണത്തിന്റെ അന്തിമ ഘട്ടമായ ഡീക്കൻ പട്ടം കഴിഞ്ഞ ജനുവരിയിൽ മാത്രം 76 വൈദിക വിദ്യാർത്ഥികളാണ് വിയറ്റ്നാമിൽ സ്വീകരിച്ചത്. ഏഷ്യൻ സഭയുടെ "ദൈവവിളി ഭണ്ഡാരം" എന്ന വിശേഷണം വിയറ്റ്നാം ഒരിക്കൽ കൂടി ശരിവെച്ചിരിക്കുകയാണ്.
പട്ടം സ്വീകരിച്ചവരിൽ അഞ്ചു പേർ വിവിധ രൂപതകളിൽ നിന്നുള്ളവരും 71 പേർ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുള്ളവരുമാണ്. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും വിയറ്റ്നാമിലെ 11 പ്രധാന സെമിനാരികളിൽ നിന്ന് ഓരോ വർഷവും നൂറുകണക്കിന് വൈദികരാണ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. നിലവിൽ ഏഴ് ദശലക്ഷം കത്തോലിക്കരുള്ള രാജ്യത്ത് ആറായിരത്തോളം വൈദികരും 31,000 സന്യാസിമാരും സജീവമായി സേവനം ചെയ്യുന്നുണ്ട്.
വിയറ്റ്നാമീസ് ബിഷപ്പുമാരുടെ കൗൺസിൽ 2026-നെ “ഓരോ ക്രിസ്ത്യാനിയും ഒരു മിഷനറി ശിഷ്യൻ” എന്ന പ്രമേയത്തിൽ മിഷനറി വർഷമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പുതുതായി തിരുപ്പട്ടം സ്വീകരിക്കുന്നവരെ സഭയുടെ സാന്നിധ്യം കുറവായ ദരിദ്ര പ്രദേശങ്ങളിലേക്ക് അയക്കാനാണ് തീരുമാനം. മംഗോളിയ, ലാവോസ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ സുവിശേഷ പ്രവർത്തനങ്ങൾക്ക് വിയറ്റ്നാമിൽ നിന്നുള്ള വൈദികർ നേതൃത്വം നൽകും.
ആത്മീയതയിൽ അധിഷ്ഠിതമായ കുടുംബ പശ്ചാത്തലവും യുവജനങ്ങൾക്കിടയിലെ ശക്തമായ വിശ്വാസവുമാണ് വിയറ്റ്നാമിലെ ദൈവവിളികൾ വർദ്ധിക്കാൻ കാരണമെന്ന് സഭാധികൃതർ ചൂണ്ടിക്കാട്ടുന്നു. കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികൾക്കിടയിൽ വിയറ്റ്നാമിൽ നിന്നുള്ള ഈ വാർത്ത ആഗോള സഭയ്ക്ക് വലിയ ആവേശം നൽകുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.