ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഗാസിയാബാദ് സഹോദരിമാരുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൗമാര പ്രായക്കാരായ സഹോദരിമാര്‍ ജീവിച്ചിരുന്നത് പാരലല്‍ 'കൊറിയന്‍' യൂണിവേഴ്‌സില്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
വെര്‍ച്വല്‍ ലോകത്തായിരുന്നു അവരെന്നും എട്ട് പേജുള്ള ആത്മഹത്യാ കുറിപ്പിലും മാതാപിതാക്കളുടെ മൊഴിയിലും അക്കാര്യം അന്വേഷണ സംഘത്തിന് ബോധ്യമായതായി. കൊറിയയിലേക്ക് പോകാനോ കൊറിയന്‍ യുവാവിനെ വിവാഹം കഴിക്കാനോ സാധിച്ചില്ലെങ്കില്‍ മരണമാണ് ഭേദമെന്ന് പെണ്‍കുട്ടികള്‍ തീരുമാനിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
കുട്ടികള്‍ ഏകാന്തത അനുഭവിച്ചിരുന്നുവെന്ന് തെളിയിക്കുന്നതാണ് മുറിയില്‍ വരച്ചുവച്ചിരുന്ന കരയുന്ന പെണ്‍കുട്ടിയുടെ അടക്കമുള്ള ചിത്രങ്ങള്‍. കൊറിയന്‍ കണ്ടന്റുകള്‍ കാണാനും അപ്‌ലോഡ് ചെയ്യാനും യുട്യൂബ് അക്കൗണ്ടുകളും ഉണ്ടായിരുന്നു. മരിയ, അലിസ, സിന്‍ഡി എന്നി പേരുകളിലായിരുന്നു അക്കൗണ്ടുകള്‍. ആത്മഹത്യയ്ക്ക് 10 ദിവസം മുന്‍പ് മാതാപിതാക്കള്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിരുന്നു.
മാതാപിതാക്കള്‍ കൊറിയന്‍ സ്‌നേഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുമുണ്ട്. മാതാപിതാക്കള്‍ മര്‍ദ്ദിക്കുന്നു, വിവാഹം കഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. കൊറിയന്‍ താരങ്ങളെ സ്‌നേഹിക്കുന്നത് പോലെ കുടുംബത്തെ പോലും സ്‌നേഹിക്കുന്നില്ല. ഇന്ത്യന്‍ പുരുഷന്മാരെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നു.
അതേസമയം കൊറിയന്‍ ലൗ ഗെയിമിലെ ടാസ്‌കുകള്‍ ആത്മഹത്യയ്ക്ക് പ്രേരണയായോ എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യാക്കുറിപ്പില്‍ ഗെയിമുകളെക്കുറിച്ച് പരാമര്‍ശമില്ല.
ഫ്‌ളാറ്റിന്റെ ഒന്‍പതാം നിലയില്‍ നിന്നാണ് നിഷിക(16), പ്രാചി(14), പാഖി(12) എന്നിവര്‍ ചാടി ആത്മഹത്യ ചെയ്തത്. പിതാവ് ചേതന്‍കുമാറിന് രണ്ട് ഭാര്യമാരുണ്ട്.
ഇരുവരിലുമായി നാല് പെണ്‍കുട്ടികളും ഒരു മകനുമാണ്. ആദ്യഭാര്യയിലെ കുട്ടിയാണ് നിഷിക. രണ്ടാമത്തെ ഭാര്യയിലെ കുട്ടികളാണ് പ്രാചിയും,പാഖിയും. കൊറിയന്‍ ജീവിതത്തെ അംഗീകരിക്കാത്ത നാലാമത്തെ സഹോദരി ദേവുവിനെ ഇവര്‍ അകറ്റി നിറുത്തിയിരുന്നു. ഒന്‍പത് വയസുകാരന്‍ ഇളയ സഹോദരന്‍ ബധിരനും മൂകനുമാണ്.
കുടുംബത്തിലെ സാമ്പത്തിക പിരിമുറുക്കവും പെണ്‍കുട്ടികളെ ബാധിച്ചിരുന്നു എന്നാണ് വിവരം. രണ്ട് കോടിയില്‍പ്പരം സാമ്പത്തിക ബാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പിതാവ് തള്ളി. 30 ലക്ഷത്തിനടുത്ത് കടമുണ്ട്. ആത്മഹത്യയുമായി അതിന് ബന്ധമില്ലെന്നും പിതാവ് പറഞ്ഞു. തങ്ങളെ കൊറിയയിലേക്ക് കൊണ്ടുപോകണമെന്ന് പെണ്‍കുട്ടികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരാണെന്ന് ഓര്‍മ്മപ്പെടുത്തുമ്പോള്‍ കയര്‍ക്കുമായിരുന്നുവെന്നും കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവൃത്തികള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പിതാവ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.