പ്രാർഥനയും കരുത്തും ഫലം കണ്ടു; നൈജീരിയയിൽ തടവിലാക്കപ്പെട്ട 166 വിശ്വാസികളും സുരക്ഷിതരായി മടങ്ങിയെത്തി

പ്രാർഥനയും കരുത്തും ഫലം കണ്ടു; നൈജീരിയയിൽ തടവിലാക്കപ്പെട്ട 166 വിശ്വാസികളും സുരക്ഷിതരായി മടങ്ങിയെത്തി

അബുജ : വടക്കൻ നൈജീരിയയിൽ തോക്കുധാരികളായ അക്രമികൾ തട്ടിക്കൊണ്ടുപോയ 166 ക്രിസ്ത്യൻ വിശ്വാസികളെയും സുരക്ഷാസേന വിജയകരമായി രക്ഷപെടുത്തി. കടുന സംസ്ഥാനത്തെ രണ്ട് പള്ളികളിൽ നടന്ന ആക്രമണത്തിനിടെ തടവിലാക്കപ്പെട്ടവർ ഇപ്പോൾ സ്വന്തം വീടുകളിൽ തിരിച്ചെത്തിയതായി ക്രിസ്ത്യൻ സംഘടനകൾ സ്ഥിരീകരിച്ചു.

ഈ ദൗത്യത്തിന്റെ വിജയത്തിന് പിന്നിൽ വിശ്വാസികളുടെ പ്രാർത്ഥനയും നൈജീരിയൻ സൈന്യത്തിന്റെ അചഞ്ചലമായ കരുത്തുമാണെന്ന് ക്രിസ്ത്യൻ അസോസിയേഷൻ പ്രശംസിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ട എല്ലാ വിശ്വാസികളും ഇപ്പോൾ മടങ്ങിയെത്തിയതായി 'കാൻ' നോർത്തേൺ ചാപ്റ്റർ ചെയർമാൻ റവറന്റ് ജോൺ ഹയാബ് സ്ഥിരീകരിച്ചു.

വിശ്വാസികളെ എങ്ങനെയാണ് മോചിപ്പിച്ചത് എന്നതിനെക്കുറിച്ചോ മോചനദ്രവ്യം നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ സംഘടന വെളിപ്പെടുത്തിയിട്ടില്ല. മോചിപ്പിക്കപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

കഴിഞ്ഞ ജനുവരി 18നാണ് രണ്ട് പള്ളികൾ കേന്ദ്രീകരിച്ച് തോക്കുധാരികൾ ആക്രമണം നടത്തിയത്. അന്ന് ആകെ 177 പേരെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നത്. ഇതിൽ 11 പേർ നേരത്തെ തന്നെ അക്രമികളിൽ നിന്ന് രക്ഷപെട്ടിരുന്നു. അവശേഷിച്ച 166 പേരെയാണ് ഇപ്പോൾ സുരക്ഷാസേന ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.