'മുൻവിധികൾ മാറ്റൂ, ഹൃദയങ്ങളെ നിരായുധമാക്കൂ'; ക്രിസ്തീയ ഐക്യത്തിനായി ആഹ്വാനം ചെയ്ത് ലിയോ മാർപാപ്പ

'മുൻവിധികൾ മാറ്റൂ, ഹൃദയങ്ങളെ നിരായുധമാക്കൂ'; ക്രിസ്തീയ ഐക്യത്തിനായി ആഹ്വാനം ചെയ്ത് ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്തുവിലുള്ള ഐക്യം ദൃഢമാക്കുന്നതിനായി ഹൃദയങ്ങളെ നിരായുധമാക്കാനും പരസ്പരമുള്ള മുൻവിധികൾ നീക്കം ചെയ്യാനും ലോകമെമ്പാടുമുള്ള ക്രൈസ്തവരോട് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. റോമിൽ സംഘടിപ്പിക്കപ്പെട്ട പഠന സന്ദർശനത്തിന്റെ ഭാഗമായി വിവിധ ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ നിന്നുള്ള വൈദികരെയും സന്യാസികളെയും സ്വീകരിച്ചു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

അപ്പസ്തോലിക് കൊട്ടാരത്തിലെ കൺസിസ്റ്ററി ഹാളിൽ നടന്ന ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭ ഉൾപ്പെടെയുള്ള വിവിധ സഭകളുടെ പ്രതിനിധികളെ പാപ്പ അഭിവാദ്യം ചെയ്തു. അർമേനിയൻ, കോപ്റ്റിക്, എത്യോപ്യൻ, എറിട്രിയൻ, മലങ്കര, സിറിയക് ഓർത്തഡോക്സ് സഭകളുടെ പ്രതിനിധികളാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. സഭകൾക്കിടയിലുള്ള ചരിത്രപരവും സാംസ്കാരികവുമായ വ്യത്യാസങ്ങൾ വൈരുദ്ധ്യങ്ങളല്ല മറിച്ച് ക്രിസ്തീയ പൈത്യകത്തിലെ അത്ഭുതകരമായ മൊസൈക്ക് ആണെന്ന് മാർപാപ്പ വിശേഷിപ്പിച്ചു.

വെറും വാക്കുകളിലുപരിയായി സഭകൾ തമ്മിലുള്ള കൂട്ടായ്മയ്ക്കായി പ്രായോഗികമായ പ്രതിബദ്ധത വേണമെന്ന് മാർപാപ്പ ഊന്നിപ്പറഞ്ഞു. "നമ്മുടെ സമാധാനത്തിന്റെ ആത്യന്തിക ഉറവിടമായ ക്രിസ്തുവിലുള്ള പങ്കിട്ട വിശ്വാസത്തിൽ വളരുന്നതിന്, നാം പരസ്പരം പിന്തുണയ്ക്കുന്നത് തുടരണം." - പാപ്പ പറഞ്ഞു.

ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് വൈദികർക്കും സന്യാസികൾക്കുമായി ഈ പഠന സന്ദർശനം ഒരുക്കിയത്. സന്ദർശനത്തിന് നന്ദി പറഞ്ഞ മാർപാപ്പ, പ്രതിനിധികൾക്കും അവരുടെ സഭകൾക്കും തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുകയും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണം ആശംസിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.