വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ ഇസ്ലമാബാദിലെ മോസ്‌കില്‍ ചാവേര്‍ ആക്രമണം: 31 പേര്‍ കൊല്ലപ്പെട്ടു, 169 പേര്‍ക്ക് പരിക്ക്; നഗരത്തില്‍ അടിയന്തരാവസ്ഥ

വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ ഇസ്ലമാബാദിലെ മോസ്‌കില്‍  ചാവേര്‍ ആക്രമണം: 31 പേര്‍ കൊല്ലപ്പെട്ടു, 169 പേര്‍ക്ക് പരിക്ക്; നഗരത്തില്‍ അടിയന്തരാവസ്ഥ

ഇസ്ലമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്സാദ് ടൗണ്‍ പ്രദേശത്തുള്ള തര്‍ലായ് ഇമാം ബര്‍ഗയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ 31 പേര്‍ മരിച്ചു. 169 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.

പരിക്കേറ്റവരെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. ചാവേര്‍ ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസും രക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേവിന്റെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് ചാവേര്‍ ബോംബാക്രമണം നടന്നത്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുമായി പാക് സൈന്യം രൂക്ഷമായ ഏറ്റുമുട്ടലില്‍ നടത്തിയതിന് തൊട്ടു പിന്നാലെയാണ് പള്ളിയില്‍ ചാവേര്‍ ആക്രമണമുണ്ടായത്.

ആറ് മാസത്തിനിടെ തലസ്ഥാന നഗരത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സ്‌ഫോടന സംഭവമാണിത്. കഴിഞ്ഞ നവംബറില്‍ ഇസ്ലമാബാദ് കോടതി സമുച്ചയത്തിലുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 25 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.