വാഷിങ്ടൺ : അമേരിക്കയിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് പ്രാർത്ഥിക്കാനുള്ള അവകാശത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. സ്കൂൾ പരിസരങ്ങളിൽ പ്രാർത്ഥന നിരോധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകി. മതസ്വാതന്ത്ര്യത്തിനും വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകുന്ന സർക്കാരിന്റെ സുപ്രധാന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പൊതുവിദ്യാലയങ്ങളിലെ ഓരോ വ്യക്തിക്കും അവരുടെ വിശ്വാസത്തിനനുസരിച്ച് സംസാരിക്കാനും പ്രവർത്തിക്കാനും അനുവാദമുണ്ടാകുമെന്ന് യു.എസ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി. ഫെബ്രുവരി അഞ്ചിന് പുറത്തിറക്കിയ പ്രത്യേക മാർഗ നിർദേശ പ്രകാരം സ്കൂൾ അധികൃതർ പ്രാർത്ഥനകൾക്കോ മതപരമായ സംഭാഷണങ്ങൾക്കോ തടസം നിൽക്കാൻ പാടില്ല.
വിശ്വാസത്തിന്റെ കാര്യത്തിൽ സ്കൂളുകൾ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കണമെന്ന് സർക്കാർ നിർദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ അവകാശങ്ങളെ ലംഘിക്കാത്ത രീതിയിലായിരിക്കണം പ്രാർത്ഥനകൾ. അധ്യാപകർ പൊതുവായ നിയമങ്ങൾ പാലിക്കുന്നതിനൊപ്പം തന്നെ വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും വിശ്വാസത്തെ മാനിക്കണം. വിദ്യാലയങ്ങൾ ഒരു പ്രത്യേക മതത്തോട് മാത്രമായി പക്ഷപാതം കാണിക്കാനോ മറ്റൊരു മതത്തെ അധിക്ഷേപിക്കാനോ പാടില്ല.
അധികാരമേറ്റ നാൾ മുതൽ ക്രിസ്തീയ വിശ്വാസങ്ങൾക്കും മതസ്വാതന്ത്ര്യത്തിനും വലിയ പ്രാധാന്യമാണ് ട്രംപ് ഭരണകൂടം നൽകി വരുന്നത്. പൊതുവിടങ്ങളിൽ വിശ്വാസ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരമൊരു നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പ്രാർത്ഥിക്കാനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണെന്നും അതിൽ മാറ്റം വരുത്താൻ ആർക്കും സാധിക്കില്ലെന്നും കൗൺസിലർ ജോഷ് ക്ലീൻഫെൽഡ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.